കാമുകിയുടെ പിതാവിനെ കൊല്ലാൻ കട്ടൻചായയിൽ വിഷം കലർത്തി

Monday 18 August 2025 12:07 AM IST

മലപ്പുറം: പ്രണയബന്ധം എതിർത്തതിന്റെ പേരിൽ കാമുകിയുടെ പിതാവിനെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ കളപ്പാട്ടുകുന്ന് തോങ്ങോട് വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. ടാപ്പിംഗ് തൊഴിലാളിയായ കാരാട് വടക്കുംപാടം സ്വദേശിയെയാണ് അജയ് കൊല്ലാൻ ശ്രമിച്ചത്. ഇയാളുടെ മകളുമായി അജയ് പ്രണയത്തിലായിരുന്നു. ഇത് എതിർത്തതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് അജയ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കാമുകിയുടെ പിതാവ് പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുമ്പോൾ ഫ്ളാസ്‌കിൽ കട്ടൻചായ കൊണ്ടുപോകാറുണ്ട്. ഫ്ളാസ്‌ക് ബൈക്കിൽ വച്ചശേഷം ഇടയ്ക്കുപോയി ചായ കുടിക്കുകയാണ് പതിവ്. ഈ മാസം 10നും 14 നും കൊണ്ടുപ്പോയ ചായയ്ക്ക് രുചി വ്യത്യാസം തോന്നിയതോടെ ഗ്ലാസിൽ ഒഴിച്ച് പരിശോധിച്ചു. നിറവ്യത്യാസം കണ്ടതോടെ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ അജയ്‌യും കാമുകിയുടെ പിതാവും തമ്മിൽ നേരത്തേയുള്ള പ്രശ്നങ്ങൾ വ്യക്തമായി. തുടർന്ന് അജയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.