ക്ഷീര കർഷകർക്ക് 7.35 കോടിയുടെ ഓണ സമ്മാനവുമായി മലബാർ മിൽമ

Monday 18 August 2025 12:21 AM IST

കോഴിക്കോട്: ക്ഷീര കർഷകർക്ക് മലബാർ മിൽമയുടെ ഓണ സമ്മാനമായി 7.35 കോടി രൂപ. അധിക പാൽ വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 3.2 കോടിയുമാണ് നൽകുന്നത്. ജൂലായ് ഒന്ന് മുതൽ 31 വരെ പാൽ നൽകിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാൽ ലിറ്ററിന് രണ്ടു രൂപ നൽകുന്നതിലൂടെ കർഷകർക്ക് 4.15 കോടി രൂപ അധികം ലഭിക്കും. ആഗസ്റ്റ് 11 മുതൽ 20 വരെയുള്ള പാൽ വിലയോടൊപ്പം ജൂലായിലെ അധിക വിലയും അർഹരായവർക്ക് നൽകും.

യൂണിയനു കീഴിലുള്ള ക്ഷീര സംഘങ്ങളിലൂടെ ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ വിൽക്കുന്ന 50 കിലോ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 100 രൂപയാണ്. മിൽമ സഹോദര സ്ഥാപനമായ എം.ആർ.ഡി.എഫിന്റെ ടി.എം.ആർ കാലിത്തീറ്റയ്‌ക്ക് 50 രൂപ സബ്‌സിഡിയുണ്ട്. ഇതോടൊപ്പം കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഗോമതി കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 100 രൂപയാണ് സബ്‌സിഡി. മലബാർ മേഖലയിലെ ഒരു ലക്ഷം ക്ഷീരകർഷകർക്കും 1200 ക്ഷീരസംഘങ്ങൾക്കും പദ്ധതി ഗുണമാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണിയും എം.ഡി കെ.സി ജെയിംസും പറഞ്ഞു.