ശബരിമല സോപാനത്ത് ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഒഴിവാക്കി
Monday 18 August 2025 12:23 AM IST
ശബരിമല: സന്നിധാനത്ത് ചെരിപ്പിട്ടു കയറിയ പൊലീസ് ഉദ്യോഗസ്ഥനെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി .തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥൻ രാജേഷിനെതിരെയാണ് നടപടി. ചെരിപ്പ് ധരിച്ച് കയറിയ രാജേഷിനെ തിരികെ ക്യാമ്പിലേക്കാണ് മാറ്റിയത്. ശബരിമലയുടെചുമതലയുള്ള പൊലീസ് ചീഫ് കോഡിനേറ്റർ എസ്.ശ്രീജിത്ത് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 .45നാണ് ചെരിപ്പ് ധരിച്ച് രാജേഷ് സോപാനത്തിന് സമീപം നിലയുറപ്പിച്ചത് . ഇത് മൊബൈൽ ക്യാമറയിൽ പകർത്തിയ ഭക്തർ പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മുൻപ് പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോഷൂട്ട് നടത്തിയത് വിവാദമായിരുന്നു.