നാട്ടിലെങ്ങും തരിശ് പാടങ്ങൾ,​ അയലത്ത് കതിർമണിപ്പാടം

Monday 18 August 2025 12:32 AM IST

പുനലൂർ: കാർഷിക ജില്ലയായ കൊല്ലത്ത് നെൽപ്പാടങ്ങളും കൊയ്ത്തും മെതിയുമൊക്കെ അപ്രത്യക്ഷമാകുമ്പോൾ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളായ തമിഴ്നാട്ടിലെ കോട്ടവാസൽ,​ തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ചുരണ്ട എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളിൽ ഇത് വിളവെടുപ്പ് കാലം.

കതിർമണി തൂങ്ങിയ മഞ്ഞപ്പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ സജീവമായി. ഒരു പക്ഷേ മലയാളിക്ക് ഓണമുണ്ണാൻ ഈ പാടങ്ങളിൽ വിളവെടുത്ത അരിയാകും കമ്പോളങ്ങളിൽ എത്തുക. ജില്ലയിലേയ്ക്ക് അരിയ്ക്ക് പുറമേ വയ്ക്കോൽ കയറ്റിയ ലോറികളുടെ വരവും തുടങ്ങി. ആര്യങ്കാവ് പിന്നിട്ടാൽ റോഡിന് ഇരുവശങ്ങളിലും വയ്ക്കോൽ കൂനകൾ കാണാം.

നെല്ലിന് പുറമെ ഉഴുന്ന്, ചെറുപയർ കൃഷികളും ഇവിടെ വ്യാപകമായിട്ടുണ്ട്. മറ്റ് കാർഷിക വിളകൾ ഉത്പാദിപ്പിക്കുമ്പോഴും നെൽകൃഷി ഇവർ ഉപേക്ഷിച്ചിട്ടില്ല. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ നിറപുത്തരിക്ക് നെൽക്കതിർ എത്തിക്കുന്നത് പോലും ഇവിടെ വിളവെടുത്ത നെൽക്കറ്റകളിൽ നിന്നാണ്.

കുത്തിരിയുണ്ണാൻ തമിഴ്പാടങ്ങൾ

ജലസേചന സൗകര്യവും മണ്ണിന്റെ ഫലഭൂയിഷ്ടതയും ഏറെയുള്ള നമ്മുടെ കൃഷിയിടങ്ങൾ തരിശിടുമ്പോൾ ഉള്ള സൗകര്യങ്ങൾ പ്രോയജനപ്പെടുത്തിയാണ് തമിഴ്നാട്ടിൽ കർഷകർ കൃഷിയിറക്കുന്നത്.പച്ചക്കറികൾ അടക്കം വിവിധ വിളകൾ കേരളം അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ചാണ് ഇവരുടെ ഉപജീവനം. ഇനി ഓണത്തിന് കുത്തരി ഉണ്ണണേൽ തമിഴ്പാടങ്ങൾ കതിരിടണമെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.