തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
പുനലൂർ: ശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്നതോടെ തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം കഴിഞ്ഞ ജൂലായ് 26ന് അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. പിന്നീട് ഇത് 30 സെന്റി മീറ്റർ വരെയായി കൂട്ടി.
മഴ കുറഞ്ഞതോടെ ഷട്ടറുകൾ കഴിഞ്ഞയാഴ്ച അഞ്ച് സെന്റിമീറ്ററായി താഴ്ത്തിയിരുന്നു. ഇന്നലെ രാവിലെ 11നും ഉച്ചയ്ക്ക് 2നും രണ്ടുതവണകളായി പത്ത് സെന്റി മീറ്റർ ഉയർത്തി ഇരുഷട്ടറുകളും 15 സെന്റി മീറ്ററായാണ് നിജപ്പെടുത്തിയത്. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ഷട്ടറുകൾ വീണ്ടും ഉയർത്താനും നീരൊഴുക്ക് കുറയുന്നതിനുസരിച്ച് ഷർട്ടറുകൾ താഴ്ത്താനുമാണ് തീരുമാനം.
കല്ലടയാറിന് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്നും റൂൾ കർവ് പ്രകാരമുള്ള ജല ക്രമീകരണത്തിന്റെ ഭാഗമായതിനാൽ ഡാമിലെ ജലനിരപ്പിൽ ആശങ്ക വേണ്ടെന്നും കെ.ഐ.പി അസി. എൻജിനിയർ സൗമ്യ സുദർശൻ പറഞ്ഞു.
പൂർണ സംഭരണ ശേഷി
115.82 മീറ്റർ
ഇന്നലെ രാവിലെ 8ന്
108 മീറ്റർ
ഉച്ചയ്ക്ക് 12ന്
109.06 മീറ്റർ