അതിദാരിദ്ര്യ നിർമ്മാർജ്ജനം ജില്ലയിൽ അന്തിമഘട്ടത്തിൽ

Monday 18 August 2025 12:34 AM IST

കൊല്ലം: അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി ജില്ലയിൽ അവസാനഘട്ടത്തിലേക്ക്. നവംബർ 1നാണ് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം. എന്നാൽ ജില്ലയിൽ നിലവിൽ 85 ശതമാനം പദ്ധതി പുരോഗതി കൈവരിച്ച് ഒക്ടോബറിൽ തന്നെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഭക്ഷണം, ആരോഗ്യം, ഉപജീവനം, പാർപ്പിടം എന്നീ നാല് ക്ലേശ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം നടക്കുന്നത്. ആശ്രയ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉണ്ടായിരുന്ന 132 കുടുംബങ്ങൾ ഉൾപ്പടെ പ്രത്യേക സർവേയിലൂടെ കണ്ടെത്തിയ 3020 കുടുംബങ്ങളാണ് ജില്ലയിൽ അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്നത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി 2573 മൈക്രോ പ്ലാനുകൾ നടപ്പാക്കി. 2021ലാണ് പദ്ധതി തുടങ്ങിയത്. കുടുംബശ്രീയുടെ സഹായത്തോടെയാണ് പട്ടികയിലെ ഉപജീവന മാർഗം ആവശ്യമുള്ളവ‌ർക്ക് തൊഴിൽ ലഭ്യമാക്കിയത്.

1. ഭക്ഷണം

ആവശ്യമായ കുടുംബങ്ങൾ-2145 പാകം ചെയ്ത ഭക്ഷണം നൽകുന്നത്-219 ഭക്ഷണ കിറ്റ് നൽകിയത്-1926

2. ആരോഗ്യം

മരുന്ന് ആവശ്യമായത്-2072 മരുന്ന് നൽകിയത്-2072 മരുന്ന് നൽകിയ കിടപ്പുരോഗികൾ-345 ആരോഗ്യ സഹായ ഉപകരണങ്ങൾ നൽകിയത്-32

3. ഉപജീവനം

ഉപജീവന ഘടകം ആവശ്യമായത്-292 നൽകിയത്-29

4. പാർപ്പിടം വീട് അറ്റകുറ്റപ്പണി ആവശ്യമായവർ-283 പൂർത്തിയായത്-193 നിർമ്മാണ പുരോഗതിയിൽ-90

വീടും വസ്തും ആവശ്യമുള്ളവർ-278 ഫ്ലാറ്റ് നൽകിയത്-115 നിർമ്മാണ പുരോഗതിയിൽ-134 കരാർ വച്ചവർ-29 വീട് മാത്രം ആവശ്യമുള്ളവർ-273 പൂർത്തിയായത്-202 നിർമ്മാണ പുരോഗതിയിൽ-67 കരാർ വച്ചത്-4