ചാളയും അയലയും ഉൾപ്പെടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടി വരും, പിന്നിലെ കാരണമിതാണ്
കൊടുങ്ങല്ലൂർ : കാലവർഷം നേരത്തയെത്തിയെങ്കിലും ഇത്തവണ ഹാർബറിൽ വേണ്ടത്ര മീൻ വരവില്ല. സാധാരണയായി സുലഭമായി ലഭിക്കേണ്ടിയിരുന്ന അയലയും ചാളയും കിട്ടാക്കനിയായി. ഹാർബറുകളിൽ മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിൽ വില കൂടിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം പിൻവലിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഹാർബറിൽ മീനില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ആദ്യം കിളിമീൻ, കരിക്കാടി ചെമ്മീൻ, കൂന്തൽ, കണവ, നീരാളി എന്നിവ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇവയുടെ വരവും കുറഞ്ഞിരിക്കുകയാണ്. തീരക്കടലിൽ പ്രത്യക്ഷപ്പെടുന്ന ചാള പോലുള്ള മീനുകൾ പോലും കടലിൽ കാണാനേയില്ല. ആകെ കിട്ടുന്നത് കുറച്ച് ചൂട മാത്രം.
മീൻ ലഭ്യത കുറഞ്ഞതോടെ പരമ്പരാഗത തൊഴിലാളികളാണ് പ്രയാസത്തിലായത്. ശക്തമായ മഴ പെയ്ത് കടൽ ഇളകുന്ന വേളയിൽ മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക് എത്തുന്നത് സാധാരണയായിരുന്നു. അതിനാൽ പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് കൂടുതൽ മീൻ ലഭിക്കുന്നതും പതിവായിരുന്നു. എന്നിലിപ്പോൾ മീനില്ലാത്തതും ചെലവ് വർദ്ധിച്ചതും തൊഴിലാളികളെ ദുരിതത്തിലാക്കി. നാൽപ്പത് പേര് പോകുന്ന വള്ളത്തിന് 35,000 രൂപയെങ്കിലും ചെലവ് വരും. മീൻ ഒന്നും കിട്ടാതെ തിരിച്ചു വരുന്ന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണ് പലരും. 30 വള്ളങ്ങൾ പോയാൽ അഞ്ച് വള്ളങ്ങൾക്ക് മാത്രമെ എന്തെങ്കിലും കിട്ടുകയുള്ളൂ. ബാക്കിയെല്ലാവരും മീനില്ലാതെ പ്രയാസത്തിലായിരിക്കും. ഓരോ പ്രാവശ്യവും കടലിൽ പോയാൽ നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്.
മത്സ്യ ലഭ്യതയിൽ കാര്യമായ കുറവ് വന്നതോടെ വള്ളക്കാർ കടലിൽ പോകുന്നത് പരിമിതപ്പെടുത്തി. ആഴ്ചയിൽ മൂന്നു ദിവസം മാത്രമെ വള്ളക്കാർ മത്സ്യബന്ധനത്തിന് പോകുന്നുള്ളൂ. തീരക്കടലിൽ കാണപ്പെടുന്ന മീനുകളാണ് വള്ളക്കാരുടെ പ്രധാന ആശ്രയം.