പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ച് മിനിപാർക്ക് പണിയണമെന്ന് ആവശ്യം.

Monday 18 August 2025 4:23 AM IST

കാളികാവ്:കാളികാവ് ജംഗ്ഷനിലെ പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ച് അവിടെ മിനി പാർക്ക് പണിയണമെന്ന് ആവശ്യം. നിലവിൽ പ്രദേശത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിയാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ടൗണിലെത്തുന്നവർക്ക് വിശ്രമിക്കാനും താൽക്കാലികമായി കയറിയിരിക്കാനും ജംഗ്ഷനിലെ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.

കെട്ടിടം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി കെട്ടിടത്തിലുണ്ടായിരുന്ന കച്ചവടക്കാരെ ഒരു വർഷം മുമ്പുതന്നെ ഒഴിപ്പിച്ചിരുന്നു. കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതിയും പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.

തനത് ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം ഉപയോഗിച്ചും കെ.എസ്.എഫ്.ഇയിൽ നിന്ന് അമ്പത് ലക്ഷം വായ്പയെടുത്തുമാണ് ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ തീരുമാനിച്ചിട്ടുള്ളത്.പദ്ധതിക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്.

അതിനിടെയാണ് നാട്ടുകാർ മിനി പാർക്കുമായി രംഗത്ത് വന്നിട്ടുള്ളത്. വ്യാപാര മേഖല പാടെ തകർന്ന കാളികാവിന് ഉത്തേജനം നൽകുന്ന പദ്ധതികൾ ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

പതിനഞ്ചു സെന്റിനു താഴെയാണ് ഈ സ്ഥലമുള്ളത്.

തനത് വരുമാനം തീരെ കുറവുള്ള പഞ്ചായത്തിന് മിനിപാർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനങ്ങളുടെ ഉല്ലാസത്തിനും വിശ്രമത്തിനും പഞ്ചായത്ത് മുന്തിയ പരിഗണന നൽകുന്നുണ്ട്. തൊട്ടടുത്ത പുഴയോട് ചേർന്ന് വിശാലമായ പാർക്കും വിശ്രമ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതി പഞ്ചായത്തിന്റെ പ്രഥമ പരിഗണനയിലുണ്ട്.

പി.ഷിജിമോൾ

പഞ്ചായത്ത് പ്രസിഡന്റ്