കെ.സി.എല്ലിന്റെ സ്വന്തം മച്ചാൻ

Monday 18 August 2025 7:52 AM IST
മച്ചാൻ

തിരുവനന്തപുരം: രണ്ടാം സീസണിലും കേരള ക്രിക്കറ്റ് ലീഗിന്റെ ചെയർമാൻ സ്ഥാനത്ത് തിരക്കുകളിലാണ് വയനാടുകാരനായ നാസിർ മച്ചാൻ. 33 വർഷത്തോളമായി ക്രിക്കറ്റ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായ നാസിർ മച്ചാൻ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീമിന്റെ മാനേജരുമായിരുന്നു.

സ്വന്തമായി ക്രിക്കറ്റ് ക്ളബുണ്ടായിരുന്ന സുൽത്താൻബത്തേരി മാനിക്കുനി തറവാട്ടിൽനിന്ന് തുടങ്ങിയതാണ് നാസിർ മച്ചാന്റെ ക്രിക്കറ്റ് ജീവിതം. പാടത്ത് ക്രിക്കറ്റ് കളിക്കാനായാണ് അമ്മാവന്മാരും ജ്യേഷ്ഠൻമാരുമൊക്കെ 1977ൽ കുടുംബ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്. റേഡിയോയിൽ കമന്ററി കേട്ടാണ് വളർന്നത്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ മത്സരം ടി.വിയിൽ കാണാൻ ബംഗളൂരുവരെ പോയി. വയനാട്ടിലെ ആദ്യക്ലബായ പാക്കോ ക്രിക്കറ്റ് ക്ലബിലാണ് ആദ്യം അംഗമായത്. വിവ ബേർഡ്‌സ് കൽപ്പറ്റ ക്ലബിൽ എത്തിയതോടെ കളത്തിൽ തിളങ്ങി.

1982-ലാണ് വയനാട് ക്രിക്കറ്റ് അസോസിയേഷൻ നിലവിൽ വന്നത്. 1992-ലാണ് നാസിർ മച്ചാൻ വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായത്. 32 വർഷത്തിനിടെ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് വയനാടിന്റെ പേരും എഴുതിച്ചേർത്തു. കെ.സി.എ.യുടെ ആദ്യത്തെ സ്വന്തം സ്റ്റേഡിയമായ കൃഷ്ണഗിരി സ്റ്റേഡിയം കൊണ്ടുവരുന്നതിൽ മുൻകൈയെടുത്തു. മുൻ കെ.സി.എ. പ്രസിഡന്റ് ടി.ആർ. ബാലകൃഷ്ണനും നാസിർ മച്ചാനും ചേർന്നാണ് കൃഷ്ണഗിരി സ്റ്റേഡിയം എന്ന ആശയം കെ.സി.എയിൽ അവതരിപ്പിച്ചത്. കെ.സി.എ. അംഗം ജാഫർ സേട്ട് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. ഇന്ത്യൻ സീനിയർ വനിതാ ടീമംഗങ്ങളായ മിന്നുമണി, സജന സജീവൻ, അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗം വി.ജെ. ജോഷിത, വിജയ് ഹസാരെ ടീമംഗം എം. അജ്‌നാസ്, 2024-ലെ രഞ്ജി ടീം അംഗമായിരുന്ന ആഖിൻ സത്താർ,നജ്ല സി.എം.സി തുടങ്ങിയ താരങ്ങളെ വളർത്തിയെടുക്കുന്നതിലും മച്ചാൻ മുഖ്യപങ്കുവഹിച്ചു.

'' ആദ്യ സീസണിനുമപ്പുറത്ത് കാണികളെ ആകർഷിക്കുന്ന രീതിയിൽ രണ്ടാം സീസൺ കെ.സി.എൽ മാറുമെന്നുറപ്പാണ്. സഞ്ജു സാംസൺ കളിക്കാനിറങ്ങുമ്പോൾ ലീഗിന്റെ കളറുമാറും.സ്റ്റാർ സ്പോർട്സിന് പുറമെ ഏഷ്യാനെറ്റ് പ്ളസിൽ മലയാളം കമന്ററിയോടെ കളികാണാനുള്ള സൗകര്യവും ഇക്കുറിയുണ്ട്. കഴിഞ്ഞ സീസണിൽ 16പേരെയോളം ഐ.പി.എൽ സെലക്ഷൻ ട്രയൽസിലേക്ക് എത്തിക്കാനായെങ്കിൽ ഇക്കുറി അതിൽ കൂടുതൽ കുട്ടികൾക്ക് അവസരം ലഭിക്കും.

- നാസിർ മച്ചാൻ