പരാതി ചോർച്ച വിവാദം: രാജേഷ് കൃഷ്‌ണയുടെ തട്ടിപ്പുകൾ സിപിഎം നേതാക്കളുടെ പേരുപറഞ്ഞെന്ന് പരാതിക്കാരൻ

Monday 18 August 2025 9:16 AM IST

തിരുവനന്തപുരം: എസ്‌എഫ്‌ഐ മുൻ ജില്ലാ ഭാരവാഹിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് ‌കൃഷ്‌ണയ്‌ക്കെതിരെ കണ്ണൂർ സ്വദേശിയും ചെന്നൈയിൽ വ്യവസായിയുമായ മുഹമ്മദ് ഷെർഷാദ് സിപിഎമ്മിൽ നൽകിയ പരാതി ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ലണ്ടനിൽ വ്യവസായിയായ രാജേഷ് കൃഷ്‌ണയ്‌ക്കെതിരെ 2023ൽ താൻ ഡിജിപിയ്‌ക്ക് നൽകിയ പരാതിയിൽ ഇന്നുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഷെർഷാദ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

രാജേഷ് കിംഗ്‌ഡം എന്ന പേരിൽ കടലാസ് കമ്പനിയുണ്ടാക്കി സംസ്ഥാന സർക്കാർ പദ്ധതികളിൽ നിന്നടക്കം പണം തട്ടിയെന്ന് ഷെർഷാദ് പരാതി നൽകിയിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് സമാഹരണ പരിപാടിയ്‌ക്ക് മുഖ്യമന്ത്രിയെ കൈപിടിച്ച് കയറ്റിയത് രാജേഷ് കൃഷ്‌ണയായിരുന്നു. ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതടക്കം കാട്ടിയാണ് പലരിൽ നിന്ന് രാജേഷ് പണം സമാഹരിച്ചതെന്നും ഷെർഷാദ്ആരോപിച്ചു. സിപിഎം നേതാക്കൾ രാജേഷിന്റെ തട്ടിപ്പിൽ വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ 2023ൽ ഡിജിപിയ്‌ക്ക് താൻ നൽകിയ പരാതി മെയിൽ കേന്ദ്ര ആദായനികുതി വകുപ്പിനും അയച്ചിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷെർഷാദ് അറിയിച്ചു. ലണ്ടനിൽ വ്യവസായിയാണെന്ന പേരിൽ രാജേഷ് കൃഷ്‌ണ അവിടെ തങ്ങുന്നെങ്കിലും അവിടെ രാജേഷിന് ബിസിനസ് ഒന്നുമില്ലെന്നും അദ്ദേഹം ഏറിയ സമയവും ഇന്ത്യയിലായതിനാൽ ടാക്‌സ് അടയ്‌ക്കേണ്ടതാണെന്നും ഷെർഷാദ് പറയുന്നു.

2021ൽ പി.ബിയ്‌ക്ക് ഷെർഷാദ് നൽകിയ പരാതികത്ത് ചോർന്നത് കഴിഞ്ഞദിവസമാണ് രാഷ്ട്രീയ വിവാദമായത്. ആരോപണ വിധേയനും പരാതിക്കാരനും പാർട്ടിക്ക് വേണ്ടപ്പെട്ടവരും മുൻ പ്രവർത്തരുമാണ്.

അടുത്തിടെ മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാൽ തിരിച്ചു പോകേണ്ടിയും വന്നയാളാണ് രാജേഷ് കൃഷ്ണ. ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ രാജേഷ്‌ കൊടുത്ത മാനനഷ്ടക്കേസിൽ രേഖയായി കത്ത് ഉൾപ്പെടുത്തിയതാണ് പാർട്ടിക്ക് നാണക്കേടായത്. മാദ്ധ്യമങ്ങൾക്ക് അയച്ച നോട്ടീസിൽ ഡൽഹി ഹൈക്കോടതി കത്ത് ഉൾപ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാൻ കഴിയാതായി.

കത്ത് ചോർന്നതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷെർഷാദ് പരാതി നൽകി. രാജേഷ് കൃഷ്ണ മധുരയിൽ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷെർഷാദ് വിഷയം തമിഴ്നാട്ടിലെ നേതാക്കൾ വഴി പി.ബി. അംഗമായ അശോക് ധാവ്‌ളെയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാളെ‌ തിരിച്ചയച്ചത്. വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടുകയും ചെന്നൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.