ഇന്നും രക്ഷയില്ല! ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം, തൃശൂരിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

Monday 18 August 2025 10:41 AM IST

തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂർ, ചാലക്കുടി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വാഹനങ്ങളെല്ലാം വഴിതിരിച്ച് വിടുകയാണ്. വാഹനങ്ങൾ നിയന്ത്രിക്കാൻ ആമ്പല്ലൂരിലും ചാലക്കുടിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വെള്ളിയാഴ്‌ച രാത്രി ഉണ്ടായ ഗതാഗതക്കുരുക്ക് 18മണിക്കൂറോളമാണ് നീണ്ടുനിന്നത്.

വലിയ വാഹനങ്ങൾ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്. മുരിങ്ങൂർ പാലം കയറുന്നതിന് മുമ്പ് കാടുകുറ്റി അത്താണി വഴി എയർപോർട്ട് ജംഗ്‌ഷന് മുന്നിലുള്ള സിഗ്നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്. വലിയ വാഹനങ്ങൾ മുരിങ്ങൂർ പാലം വഴിയാണ് കടത്തിവിടുന്നത്. ചാലക്കുടി പോട്ട പാലത്തിന് മുമ്പും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരോട് അഷ്‌ടമിച്ചിറ - മാള വഴി എറണാകുളത്തേക്ക് പോകാനാണ് പൊലീസ് നിർദേശിക്കുന്നത്.

മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം നടക്കുകയാണ്. അടിപ്പാതകൾ പണിയുമ്പോൾ വാഹനങ്ങൾ കടത്തിവിടാൻ സജ്ജമാക്കിയ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാലാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുന്നത്. എൻഎച്ച് 544ന് പുറമേ എൻഎച്ച് 66ലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തൃശൂർ - എറണാകുളം ജില്ലാ അതിർത്തിയായ കോട്ടപ്പുറം - മൂത്തകുന്നം ഭാഗത്ത് ഒരു കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്.

എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും കുരുക്കിൽപെട്ടു റോഡിൽ ക്യൂവിലാണ്. ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു. കനത്ത മഴയും റോഡിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി.