സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് തലയിലൂടെ കയറിയിറങ്ങി; പാലക്കാട് ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. അത്തിക്കോട് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പിതാവിനൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങിയത്.
കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് നഫീസത്ത് മിസ്രിയ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെ പിന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ മറിയുകയായിരുന്നു. ഇതോടെ തൊട്ടുപിന്നാലെയെത്തിയ സ്വകാര്യ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ പിതാവ് കുട്ടിയെ എടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ നൽകാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
മുന്നിലെ ഓട്ടോറിക്ഷയെ മറികടക്കാൻ സ്കൂട്ടർ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് കണ്ടുനിന്നവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്കൂട്ടർ മറിഞ്ഞപ്പോൾ കുട്ടി റോഡിന്റെ വലതു വശത്തേക്ക് വീഴുകയായിരുന്നു. പിറകെ വന്ന ബസ് കുട്ടിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലെ ശോചനീയാവസ്ഥ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.