'ക്ലീഷേ ഡയലോഗ് ആണെന്ന് എനിക്കറിയാം'; വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ലക്ഷ്‌മി നക്ഷത്ര
ടെലിവിഷൻ അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ രീതിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ലക്ഷ്‌മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മിയെ നിരവധി പേർ തിരിച്ചറിയാൻ തുടങ്ങിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി എപ്പോഴും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഇതിനിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും ലക്ഷ്മി മറുപടി പറയുന്നുണ്ട്. സമയം ആകുമ്പോൾ സംഭവിക്കുമെന്നാണ് താരത്തിന്റെ മറുപടി.
'നിരവധി പേർ ചോദിക്കുന്നത് വിവാഹത്തെക്കുറിച്ചാണ്. അത് സംഭവിക്കുമ്പോൾ സംഭവിക്കും. ക്ലീഷേ ഡയലോഗ് ആണെന്ന് എനിക്ക് അറിയാം. എന്നാലും എന്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ. അതായാത് ഒരു വിവാഹ പ്ലാനും ഇപ്പോൾ എനിക്കില്ല. പക്ഷേ നാളെ എന്തെന്ന് നമുക്കൊന്നും പറയാൻ കഴിയില്ല. റിയൽ ലെെഫിന്റെ കാര്യം പറയുകയാണെങ്കിൽ ഇന്ന് കാണുന്നവരെ നാളെ കാണുമോയെന്ന് പോലും പറയാൻ പറ്റില്ല. പ്രണയമുണ്ടോയെന്ന് ചോദിച്ചാൽ അതുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ പേരിൽ എയറിൽ കയറാൻ താൽപര്യമില്ല'- എന്നാണ് ലക്ഷ്‌മി പറയുന്നത്. മാതാപിതാക്കളുടെ ഒറ്റ മോളായതുകൊണ്ടുള്ള വിഷമം തനിക്കുണ്ടെന്നും ആരാധകരിലൊരാളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി പറഞ്ഞു.