വാട്‌സാപ്പ് വഴിയോ വിളിച്ചോ ബുക്ക് ചെയ്യാം, വീട്ടിലെത്തും 20 ഇനം വിഭവങ്ങളും മൂന്ന് പായസവുമടങ്ങിയ ഓണസദ്യ
കോഴിക്കോട്: ഓണത്തിന് വീട്ടിൽ സദ്യയൊരുക്കാൻ നിക്കേണ്ട. തൂശനിലയും രണ്ട് കൂട്ടം പായസവും കുത്തരിച്ചോറുമടങ്ങിയ ഓണസദ്യ വീട്ടിലെത്തിക്കാൻ കാറ്ററിംഗുകാർ റെഡി. പുത്തൻ ഓഫറുകളുമായി ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു.
വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും മൂന്നിനം പായസവുമടക്കം 20 ലധികം വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ. വാട്സാപ്പിലൂടെയും അല്ലാതേയും മുൻകൂട്ടി ബുക്ക് ചെയ്ത് പണം അടയ്ക്കണം. മൂന്ന് പേർക്കുള്ളത് മുതലാണ് സദ്യകൾ ആരംഭിക്കുന്നത്. സാധനങ്ങൾക്ക് വില കൂടിയതിനാൽ സദ്യയ്ക്ക് വില കൂടിയിട്ടുണ്ട്. തിരുവോണ ദിവസങ്ങളിൽ പല കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഹോം ഡെലിവറിയുണ്ടാവില്ല. പകരം അവരുടെ യൂണിറ്റുകളിലെത്തി സാധനം കൈപ്പറ്റാം. ചില സ്ഥാപനങ്ങൾ പ്രത്യേക ബോക്സുകളിലും നൽകും.
പല സ്ഥാപനങ്ങളും ഇതിനോടകം ബുക്കിംഗും ആരംഭിച്ച കഴിഞ്ഞു. നിരവധി ഓർഡറുകൾ വരുന്നുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ജില്ലയിൽ മാത്രമായി 200ഓളം അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.
വറുത്ത ഉപ്പേരി, പരിപ്പ്, കാളൻ, ശർക്കരവരട്ടി, പച്ചടി, കൊണ്ടാട്ടം, ചോറ്, അച്ചാർ, സാമ്പാർ, ഇഞ്ചിപ്പുളി, രസം, ഉപ്പേരി, മോര്, അവിയൽ, പപ്പടം, കൂട്ടുകറി, അട പായസം, പരിപ്പ് പായസം, ഓലൻ, നെയ്യ്, വാഴയില തുടങ്ങി 20 വിഭവങ്ങൾ അടങ്ങുന്ന അഞ്ചുപേർക്കുള്ള സദ്യയ്ക്ക് 1600 മുതലാണ് വില. മൂന്ന് പേർക്കുള്ള സദ്യയ്ക്ക് 1300 ഉം നാലുപേർക്ക് 1500 വരെയുമാകും. ഓഫീസുകൾ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് വേറെയും ഓഫറുകളുണ്ട്. പായസങ്ങൾക്ക് മാത്രമായും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. അടപ്രഥമൻ ലിറ്ററിന് 300, പഴപ്രഥമൻ 350, പാൽപ്പായസം 300, പരിപ്പ് പായസം 350 എന്നിങ്ങനെയാണ് വില.
വ്യാജനുണ്ട് കരുതണം
വലിയ ഓഫറുകൾ നൽകി ഓണസദ്യ, പായസം എന്നിവ വിതരണം ചെയ്യുന്ന വ്യാജന്മാർ നിരവധിയാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നു.ഇവർ നൽകുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. പണം വാങ്ങി മുങ്ങുന്ന സംഘങ്ങളുമുണ്ട്.
പരാതി നൽകാം ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും പരാതി നൽകാനുമായി പൊതുജനങ്ങൾക്ക് 1800, 425, 1125 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
'' ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഇവരുടെ ചതിയിൽ വീഴാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മാത്രം ഭക്ഷണം ഓർഡർ ചെയ്യുക''
പ്രേംചന്ദ് വള്ളിൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം
ഓൾ കേരള കാറ്ററിംഗ് അസോ.