കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ സുഹൃത്തും പിടിയിൽ

Monday 18 August 2025 2:31 PM IST

കൊച്ചി: കോതമംഗലത്തെ 23കാരിയായ ടിടിസി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ കാമുകൻ റമീസിന്റെ സുഹൃത്ത് സഹദും കസ്റ്റഡിയിൽ. യുവാവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നതാണ് സഹദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാതാപിതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും പറയുന്ന പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. റമീസിൽ നിന്ന് നേരിട്ട അവഗണനയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരിൽ പെൺകുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാൻ റമീസ് പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

ആത്മഹത്യാപ്രേരണാക്കുറ്റം, ദേഹോപദ്രവമേൽപ്പിക്കൽ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ യുവാവിന്റെ മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു. റമീസ് പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സഹോദരൻ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചിരുന്നു.

കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർത്ഥിനിയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ ഇതിനിടെ ഇവർക്കിടയിൽ ചില തർക്കങ്ങളുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. റമീസിന്റെയും യുവതിയുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് 'ഇടപ്പള്ളി സെക്സ് വർക്കേഴ്സ്' എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് ഇവർക്കിടയിൽ തർക്കമായതെന്ന് പൊലീസ് പറയുന്നു.