മുതിർന്നവർക്ക് ഈ സഹോദരിമാരെ മാതൃകയാക്കാം; ഒടുവിൽ അംഗീകാരം തേടിയെത്തി

Monday 18 August 2025 3:23 PM IST

പരിസ്ഥിതി - സാമൂഹിക ജീവകാരുണ്യ സംഘടനയായ അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കുട്ടിക്കർഷക പുരസ്ക്കാരത്തിന് സഹോദരിമാരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും അർഹരായി. വിഷരഹിത പച്ചക്കറി കൃഷി കുരുന്നിലെ എന്ന ലക്ഷ്യവുമായി എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം - കൃഷിയാണ് എന്റെ ലഹരി എന്ന സന്ദേശവുമായി നാല് ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ നടത്തി വരുന്ന ജൈവകൃഷിയാണ് ഇരുവർക്കും അംഗീകാരം നേടിക്കെടുത്തത്.

10000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്ക്കാരം ഈമാസം അവസാനവാരം നടക്കുന്ന സൊസൈറ്റിയുടെ വാർഷികാഘോഷത്തിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. ഷമീന സലീം, ജനറൽ സെക്രട്ടറി ഹസീന നൗഷാദ് എന്നിവർ പറഞ്ഞു. സമപ്രായക്കാരിലും മറ്റുള്ളവരിലും മാതൃകയാകുന്ന പ്രവർത്തനമാണ് ചെറുപ്രായത്തിലേ ഫരീദയും ഫാദിയായും നടത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണെന്നും അവർ പറഞ്ഞു.

ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫരീദ. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാദിയ. ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽ, പുത്തൻവീട് പുരയിടം, ഫരീദ മൻസിലിൽ ഫിറോസ് അഹമ്മദിന്റെയും നാസിലയുടെയും മക്കളാണ്. എൽ കെ ജി വിദ്യാർത്ഥി ഫാദിൽ മുഹമ്മദാണ് അനുജൻ.