എംഎൽഎ സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണു; കാർ വലിച്ചുകയറ്റിയത് നാട്ടുകാർ

Monday 18 August 2025 5:25 PM IST

മലപ്പുറം: കെപിഎ മജീദ് എംഎൽഎ സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണു. കരിമ്പിൻ കാച്ചെടിയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ. ഇതിനിടെയാണ് കാർ ചാലിൽ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാർ വലിച്ചുകയറ്റിയത്. വെള്ളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാർ ഈ ചാലിൽ വീഴുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന് വശത്തെ ചാലിൽ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎൽഎയുടെ കാർ വീണത്. പിന്നീട് നാട്ടുകാർ മറ്റൊരു വാഹനം കൊണ്ടുവന്ന് കാർ വലിച്ചുകയറ്റുകയായിരുന്നു. വിഷയത്തിൽ പ്രതികരിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.

റോഡിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരൻ നടുറോഡിൽ കസേരയിട്ട് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മലപ്പുറത്തെ തിരൂർ - ചമ്രവട്ടം സംസ്ഥാന പാതയിലാണ് നാട്ടുകാരനായ മണികണ്ഠൻ ഒറ്റയാൾ പ്രതിഷേധം നടത്തുന്നത്. റോഡിൽ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്‌ഠൻ പറഞ്ഞത്. ഇവിടെയിരുന്നാണ് ഇയാൾ ഭക്ഷണം പോലും കഴിച്ചത്. ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.