അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓമശേരി സ്വദേശിയായ കുഞ്ഞ് ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ടുകൾ. 14 ദിവസം മുമ്പാണ് കുഞ്ഞിനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിന്റെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടം. ഈ കിണർ പൂർണമായി വറ്റിച്ച്, ശുദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ കിണറുകളിലെല്ലാം ക്ലോറിനേഷൻ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച അന്നശേരി സ്വദേശിയായ നാൽപ്പതുകാരൻ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനും നാൽപ്പതുകാരനും രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ സ്രവം ചണ്ഡീഗണ്ഡിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ രോഗം ബാധിച്ച് മരിച്ചിരുന്നു.തുടർന്ന് അവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുതെന്ന ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.