കനത്ത മഴയിൽ അടുക്കള ഇടിഞ്ഞുവീണു; പാലക്കാട്ട് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Monday 18 August 2025 5:47 PM IST

പാലക്കാട്: കനത്ത മഴയിൽ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരിയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞുവീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞുവീണത്. ഇന്ന് ഉച്ചയ്‌ക്ക് 12.45ഓടെയായിരുന്നു സംഭവം.

അപകട സമയത്ത് ചന്ദ്രൻ നായരുടെ ഭാര്യ ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചുമർ ഇടിഞ്ഞുവീണപ്പോൾ അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുടിവെള്ളം സംഭരിക്കുന്ന പ്ലാസ്റ്റിക്ക് വീപ്പക്ക് മുകളിലേക്കാണ് ചുമർ ഇടിഞ്ഞുവീണത്. കുറച്ചുഭാഗം അടുക്കളയിലെ സാധനങ്ങളുടെ മുകളിലേക്കും വീണു. അപകടത്തിൽ 10,000 രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ് വീട്ടുകാർ പറയുന്നത്.