ആരാധകരെ മയക്കി യുവതിയുടെ ഉറക്കം; 32കാരി പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Monday 18 August 2025 8:35 PM IST

എന്തിനും ഏതിനും ഓണ്‍ലൈനുകളെ ആശ്രയിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നിരവധി തൊഴില്‍ സാദ്ധ്യതകളാണ് ഈ മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായുമുള്ളത്. ബിസിനസിന്റെ സാദ്ധ്യതയനുസരിച്ച് ലഭിക്കുന്ന വരുമാനത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കാനുള്ള അവസരവും ഓണ്‍ലൈന്‍ രംഗം സമ്മാനിക്കുന്നു. ഗുണനിലവാരമുള്ള കണ്ടന്റുകള്‍ക്ക് എല്ലായിപ്പോഴും ആവശ്യക്കാരും ധാരാളമായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത.

ലൈവ് കണ്ടന്റുകളോടാണ് കൂടുതല്‍ ആളുകളും താത്പര്യം പ്രകടിപ്പിക്കുന്നത്. സത്യസന്ധമായ കണ്ടന്റുകളില്‍ ആളുകള്‍ വീണ്ടും വീണ്ടും എത്തും. ബ്രസീലിയന്‍ സ്വദേശിയായ ഒരു യുവതി ഓണ്‍ലൈനില്‍ തന്റെ ഉറക്കത്തെ തന്നെ തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. തൊഴിലെന്ന് പറഞ്ഞാല്‍ പ്രതിമാസം ലക്ഷങ്ങളാണ് വെറുതേ കിടന്നുറങ്ങുന്നതിലൂടെ 32കാരിയായ ഡെബോറ പീക്‌സോട്ടോ സമ്പാദിക്കുന്നത്. തന്റെ ഉറക്കം ലൈവായി സ്ട്രീം ചെയ്താണ് യുവതി വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.

ലൈവ് വീഡിയോ കാണാനായി എത്തുന്ന ആളുകളുടെ പ്രധാന ആകര്‍ഷണം തന്റെ ഉറക്കമാണെന്നും ഇത് കാണുവാനായി ആളുകള്‍ പണം മുടക്കുന്നുവെന്നാണ് പീക്‌സോട്ടോയുടെ അവകാശവാദം. തന്റെ രാത്രി ഉറക്കത്തെ നൈറ്റ് ടൈം റിയാലിറ്റി ഷോ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നതെന്നും പീക്‌സോട്ടോ പറയുന്നു. പലര്‍ക്കും ഇത്തരത്തില്‍ വരുമാനം നേടാനുള്ള അവസരത്തെക്കുറിച്ച് അറിവില്ലെന്നാണ് യുവതി അഭിപ്രായപ്പെടുന്നത്.

ഡെബോറയുടെ ഉറക്കം അങ്ങനെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ല. പണമടയ്ക്കുന്ന പ്രീമിയം സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് കാണാന്‍ സാധിക്കുക. പ്രതിദിനം 84 പൗണ്ടാണ് (9500 രൂപ) ആണ് ഒരു സബ്‌സ്‌ക്രൈബറില്‍ നിന്ന് പീക്‌സോട്ടോയ്ക്ക് ലഭിക്കുന്നത്. മൊത്തം പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരുടെ കണക്കെടുക്കുമ്പോള്‍ ഇത് ലക്ഷങ്ങള്‍ വരെ ആകുന്നു. നിശബ്ദവും മനസമാധാനം ലഭിക്കുന്നതുമായ ഉറക്കം എന്ന സന്ദേശമാണ് താന്‍ പങ്കുവയ്ക്കുന്നതെന്ന് യുവതി പറയുന്നു.