അങ്കമാലി നഗരസഭയിൽ ഭരണ-പ്രതിപക്ഷ പോർവിളി
അങ്കമാലി: അങ്കമാലി നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. കസേരകൾ എറിഞ്ഞു പൊട്ടിച്ചു. ഇരുപക്ഷവും തമ്മിൽ അസഭ്യവർഷവുമുണ്ടായി. സംഘർഷം ഉണ്ടാകാതെ പൊലീസ് തടഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
നഗരസഭ കോമ്പൗണ്ടിൽ മൈക്ക് ഉപയോഗിച്ചതിനെ ചൊല്ലിയാണ് വാക്കേറ്റം തുടങ്ങിയത്. ഇന്നലെ എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭയിൽ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു. മൈക്ക് ഉപയോഗിച്ച് ഇവർ സ്വാഗതം പറഞ്ഞുതുടങ്ങിയതോടെ ഭരണപക്ഷ കൗൺസിലർമാരെത്തി മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നു പറഞ്ഞ് തടഞ്ഞു. വാക്കേറ്റവും ഉന്തും തള്ളുമായതോടെ പൊലീസെത്തി ഇരുപക്ഷത്തെയും പിന്തിരിപ്പിച്ചു.
പ്രതിപക്ഷാംഗങ്ങൾ നഗരസഭയുടെ ഗേറ്റിന് സമീപം ഉപവാസ സമരം തുടർന്നു. നഗരസഭയുടെ പോർച്ചിന് സമീപത്ത് മൈക്ക് ഉപയോഗിച്ച് ഭരണപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. എൽ.ഡി.എഫ് നഗരസഭ ഭരണസമിതിക്കെതിരെ പ്രസംഗിച്ചപ്പോൾ യു.ഡി.എഫ് ഭരണനേട്ടങ്ങൾ നിരത്തി പ്രസംഗിച്ചു. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഇരുകൂട്ടരുമായി ചർച്ച നടത്തി. തുടർന്ന് ഭരണപക്ഷ കൗൺസിലർമാർ പിരിഞ്ഞുപോയി. പ്രതിപക്ഷ അംഗങ്ങൾ ഉപവാസം തുടർന്നു.