അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല, കരുതണം

Tuesday 19 August 2025 12:21 AM IST
അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: ജില്ലയെ ആശങ്കയിലാക്കി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ മെഡി.കോളേജിൽ ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിനും നാൽപ്പത്കാരനും രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്ക ഏറി. വെന്റിലേറ്ററിൽ തുടരുന്ന ഓമശേരി സ്വദേശിയായ കുഞ്ഞിന് മെഡി.കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏതുതരം വെെറസാണെന്ന് സ്ഥിരീകരിക്കാൻ കുഞ്ഞിന്റെ സ്രവം ചണ്ഡീഗണ്ഡിലെ വെെറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. മൂന്നുമാസം പ്രായമായ കുഞ്ഞിന് എങ്ങനെ രോഗം വന്നുവെന്നതാണ് ആരോഗ്യ വകുപ്പിനെയും കുഴക്കുന്നത്. ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നൽകി. താമരശേരിയിൽ ഒമ്പതുകാരി മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. കുട്ടി കുളിച്ച കുളത്തിലേയും സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളിലേയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് സ്കൂളുകളിലും മറ്റും ബോധവത്കരണവും നടത്തി.

 രോഗികൾ കൂടുന്നു

അമീബിക് മസ്തിഷ്‌ക ജ്വരം രോഗ ലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്ന് മെഡി.കോളേജ് ഡോക്ടർമാർ പറഞ്ഞു. ദിവസവും ഒരാളിലെങ്കിലും രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. മരണവും കൂടുന്നു. അതേ സമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം)

നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. ഇതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാകുകയും ചെയ്യുന്നു. ഈ രോ​ഗത്തിന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയില്ല. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണുകയും വളരെ വേഗം മൂർച്ഛിക്കുകയും ചെയ്യും.

 രോഗ ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് . ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനും കളിക്കാനുമുള്ള മടി, അനങ്ങാതെ കിടക്കുക.

 വേണം ശ്രദ്ധ

1. പുഴയിലോ പൂളുകളിലോ കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കാതിരിക്കുക

2. മൂക്കിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാതിരിക്കുക

3. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

4. മൂക്കിലോ ചെവിയിലോ ഓപറേഷന്‍ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കരുത്. 5. കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക

6. നീന്തൽ കുളങ്ങളിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ പൂർണമായും ഒഴുക്കിക്കളയുക.

7. പനിയുമായി ഡോക്ടറെ കാണുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ വിവരം ഡോക്ടറെ അറിയിക്കണം.

'' മുൻകരുതലാണ് വേണ്ടത്. ജാഗ്രത പുലർത്തണം''- ഡോ. കെ കെ രാജാറാം