സംവിധായകൻ നിസാർ അന്തരിച്ചു

Tuesday 19 August 2025 12:00 AM IST
ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ

ചങ്ങനാശേരി: ചെറിയ ബഡ്‌ജറ്റിൽ വളരെ കുറച്ച് ദിവസങ്ങൾക്കൊണ്ട് സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ നിസാർ അബ്ദുൾ ഖാദർ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരിയിലെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. പാത്തിക്കമുക്കിലെ മകളുടെ വസതിയിൽ പൊതുദർശനത്തിന് ശേഷം കബറടക്കം ഇന്നു രാവിലെ 10ന് ചങ്ങനാശേരി പഴയപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

30ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1994ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 1995ൽ ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ത്രീ മെൻ ആർമി എന്ന ചിത്രം സംവിധാനം ചെയ്തു.

തമിഴ് സിനിമയായ കളേഴ്‌സ്, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, മലയാളമാസം ചിങ്ങം ഒന്ന്, പടനായകൻ, നന്ദഗോപാലന്റെ കുസൃതികൾ, ന്യൂസ്‌പേപ്പർ ബോയ്, അടുക്കളരഹസ്യം അങ്ങാടി പാട്ട്, ബ്രിട്ടീഷ് മാർക്കറ്റ്, ക്യാ‌പ്‌ടൻ, ജനനായകൻ, ഓട്ടോ ബ്രദേഴ്‌സ്, മേരാം നാം ജോക്കർ, അപരൻമാർ നഗരത്തിൽ, ഗോവ, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, കായംകുളം കണാരൻ, ജഗതി ജഗദീഷ് ഇൻ ടൗൺ, താളമേളം, ബുള്ളറ്റ്, ഡാൻസ് ഡാൻസ്, ആറു വിരലുകൾ, ടൂ ഡേയ്‌സ് തുടങ്ങിയവയാണ് നിസാർ സംവിധാനം ചെയ്ത മറ്റ് പ്രധാന സിനിമകൾ. 2023ൽ പുറത്തിറങ്ങിയ ടൂമെൻ ആർമിയാണ് അവസാനം സംവിധാനം ചെയ്‌ത ചിത്രം.

ചങ്ങനാശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതരായ അബ്ദുൾ ഖാദറിന്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: റുക്കിയ നിസാർ. മക്കൾ: സൗമ്യ സെയ്ദ് അലി, സിമി ഷബീർ. മരുമക്കൾ: സെയ്ദ് അലി, ഷബീർ വലിയകുളം.