മിൽമ ബോട്ടിൽ മിൽക്ക് നാളെ മുതൽ വിപണിയിൽ
തിരുവനന്തപുരം: മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിൽ നാളെ മുതൽ വിപണിയിലെത്തും. രാവിലെ 11ന് തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ ബോട്ടിൽ മിൽക്കിന്റെ വിതരണോദ്ഘാടനം മന്ത്റി ജെ.ചിഞ്ചുറാണി നിർവഹിക്കും. മന്ത്റി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മികച്ച ഡീലർമാർക്കുള്ള പുരസ്കാരവും വിതരണം ചെയ്യും.
പാലിന്റെ തനതുഗുണവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ലിറ്റർ പാലിന് 70 രൂപയാണ് വില. ശീതികരിച്ച് സൂക്ഷിച്ചാൽ 3 ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേൻമയുള്ള ഫുഡ് ഗ്രേഡ്‌ബോട്ടിലാണ് പാക്കിംഗിന് ഉപയോഗിക്കുന്നതെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് വിതരണം ആരംഭിക്കുന്നത്. 20,21 തീയതികളിൽ ബോട്ടിൽ പാൽ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കും. ഒരാൾക്ക് 15,000 രൂപയുടെ സമ്മാനം നൽകും. ഇതിനായി ബോട്ടിലിൽ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്പർ ഉൾപ്പെടുത്തിയിരിക്കും. 22ന് നറുക്കെടുപ്പ് നടത്തി സമ്മാനർഹരുടെ നമ്പരുകൾ 23ന് പത്രമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമ്മാനങ്ങൾ 26ന് മിൽമ ക്ഷീരഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ ശൃംഖലകൾ, മിൽമ നടത്തുന്ന സ്റ്റാളുകൾ എന്നിവയിൽ നിന്ന് 20ന് രണ്ട് ബോട്ടിൽ പാൽ വാങ്ങുന്നവർക്ക് മിൽമയുടെ അര ലിറ്റർ പാൽ സൗജന്യമായി നൽകും. ശബരിമലയിലേക്ക് 170 ടൺ നെയ്യിന്റെ ഓർഡർ മിൽമയ്ക്ക് ലഭിച്ചതായി ചെയർമാൻ അറിയിച്ചു. കഴിഞ്ഞ വർഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതിൽ 85 ശതമാനം ക്ഷീരകർഷകർക്ക് ഇൻസെന്റീവായി നൽകി. ഓണക്കാലത്ത് 4.8 കോടി രൂപ നൽകും. പാലിന്റെ വില വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ഫെഡറേഷന് നൽകിയിട്ടുണ്ട്. മിൽമ എം.ഡി സി.എ.മുഹമ്മദ് അൻസാരി, ഭരണസമിതി അംഗങ്ങളായ കെ.കൃഷ്ണൻപോറ്റി, കെ.ആർ.മോഹനൻപിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.