ഡ്രോൺ തകർക്കാൻ പൊലീസിന് തോക്ക്
തിരുവനന്തപുരം: അനധികൃത ഡ്രോണുകളെ നശിപ്പിക്കാൻ പൊലീസ് കൈയിൽ കൊണ്ടുനടക്കാവുന്ന ആന്റിഡ്രോൺ ഗണ്ണുകൾ വാങ്ങുന്നു. ഇവയുപയോഗിച്ച് നാല് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തി സ്തംഭിപ്പിച്ച് നിലത്തിറക്കും. ലേസറുപയോഗിച്ച് തകർക്കുകയും ചെയ്യാം. പൊലീസ് നവീകരണത്തിനും പർച്ചേസിനുമുള്ള സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തായാണ് ആന്റിഡ്രോൺ ഗണ്ണുകൾ വാങ്ങുക. വി.ഐ.പികളുടെ പരിപാടികളിലും അതീവസുരക്ഷാ മേഖലകളിലും ഇവ വിന്യസിക്കും.
ബഹിരാകാശ സ്ഥാപനങ്ങളും തുറമുഖങ്ങളും സൈനികകേന്ദ്രങ്ങളുമുള്ള കേരളം രാജ്യത്തിന്റെ തന്ത്രപ്രധാനമായ അതിർത്തിമേഖലയാണ്. 590കിലോമീറ്റർ നീളത്തിൽ സമുദ്രാതിർത്തിയുമുണ്ട്. ഡ്രോണടക്കമുള്ള വ്യോമാക്രമണം പ്രതിരോധിക്കാൻ വ്യോമസേന സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ തലസ്ഥാനത്തെ വ്യോമപാതയിലും സൈനികമേഖലയിലും പൊലീസ് ആസ്ഥാനത്തിന് മുകളിലും തീരമേഖലയിലുമടക്കം അടിക്കടി ഡ്രോണുകൾ പറന്നെത്തുന്നത് ഗുരുതര സുരക്ഷാഭീഷണിയാണ്. അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തും ഡ്രോണെത്തി. വിമാനത്താവളത്തിൽ ഡ്രോണുപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. റൺവേയിൽ ഡ്രോൺപറന്ന് തകർന്നുവീണ സംഭവവുമുണ്ടായി. ഇതേത്തുടർന്നാണ് ഡ്രോണുകൾ നിശ്ചലമാക്കാനുള്ള സംവിധാനമൊരുക്കുന്നത്.
സിഗ്നലുകൾ നിർജ്ജീവമാക്കും
ഡ്രോണുകളും അവ പ്രവർത്തിപ്പിക്കുന്നവരും തമ്മിലുള്ള റേഡിയോകമ്മ്യൂണിക്കേഷൻ ഇല്ലാതാക്കുന്നതിലൂടെ ഡ്രോണിന്റെ നിയന്ത്രണം താളംതെറ്റിക്കും.
മൊബൈലിന്റെ ഐ.എം.ഇ.ഐ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പരുള്ളതിനാൽ എവിടെയാണ് നിർമ്മിച്ചതെന്നറിയാനാവും. നിരോധിതമേഖലയിൽ പറപ്പിച്ചവർക്കെതിരേ കേസെടുക്കാം.
ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും. ഒരുസ്ഥലത്ത് സ്ഥാപിക്കാവുന്ന വലിയ പ്രതിരോധ സംവിധാനത്തേക്കാൾ ചെലവ് കുറവാണ്.
നിരോധനം 82ഇടങ്ങളിൽ
തന്ത്റപ്രധാന മേഖലകളുടെ 2കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറപ്പിക്കുന്നതിന് നിരോധനമുണ്ട്. രാജ്ഭവൻ,മന്ത്റി മന്ദിരങ്ങൾ എന്നിവയുൾപ്പെടെ 82കേന്ദ്രങ്ങളിൽ ഡ്രോൺപാടില്ല.
രാജ്ഭവൻ,സെക്രട്ടേറിയറ്റ്,മന്ത്റിമന്ദിരങ്ങൾ,ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ,ദക്ഷിണവ്യോമകമാൻഡ്, വിമാനത്താവളം തുടങ്ങിയവ അതിസുരക്ഷയുള്ള തന്ത്രപ്രധാനമേഖലകളാണ്.
വിമാനത്താവളത്തിനടുത്ത് ഡ്രോൺപറത്തുന്നത് എയർക്രാഫ്റ്റ്ആക്ട് പ്രകാരം 2വർഷംതടവും 10ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്.
₹20ലക്ഷം
ആന്റിഡ്രോൺ ഗണ്ണുകൾക്ക് ശരാശരി 5മുതൽ 20ലക്ഷംവരെ വിലയുണ്ട്.
''കേരളം അതിർത്തിമേഖലയിലായതിനാൽ ഡ്രോൺപ്രതിരോധത്തിനുള്ള ആന്റിഡ്രോൺ ഗണ്ണുകൾ പൊലീസിന് അനിവാര്യമാണ്.''
-റവാഡ ചന്ദ്രശേഖർ
പൊലീസ് മേധാവി