വിദ്യാർത്ഥിയുടെ കർണ്ണപടം തകർത്ത സംഭവം: കാസർകോട് ഡി.ഡി.ഇ റിപ്പോർട്ട് നൽകി, ബാലാവകാശ കമ്മിഷൻ കേസെടുത്തു

Tuesday 19 August 2025 12:00 AM IST

കാസർകോട്: പത്താംക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ(15) കർണ്ണപടം പ്രഥമ അദ്ധ്യാപകൻ അടിച്ചുതകർത്ത സംഭവത്തിൽ കാസർകോട് ഡി.ഡി.ഇ ടി.വി. മധുസൂദനൻ ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. കുണ്ടംകുഴി ഗവ.ഹയർ സെക്കൻ‌ഡറി സ്‌കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു.

ഇന്നലെ രാവിലെ സ്കൂളിലെത്തിയ ഡി.ഡി.ഇ വിദ്യാർത്ഥിയിൽ നിന്നും സ്കൂളിലെ സീനിയർ അസിസ്റ്റന്റ്,​ ക്ളാസ് അദ്ധ്യാപിക,​കുട്ടിയുടെ മാതാവ് എന്നിവരിൽ നിന്നും തെളിവെടുത്തു. കടുത്ത പ്രതിഷേധത്തെ തുടർന്ന് സ്കൂളിൽ എത്താതിരുന്ന പ്രഥമ അദ്ധ്യാപകനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഡി.ഡി.ഇ മൊഴിയെടുത്തത്.

അന്വേഷണത്തിൽ ബോധ്യപ്പെട്ട വസ്തുതകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും പ്രഥമ അദ്ധ്യാപകൻ ആയതിനാൽ മേലധികാരികളാണ് നടപടി എടുക്കേണ്ടതെന്നും ഡി. ഡി.ഇ മധുസൂദനൻ കേരള കൗമുദിയോട് പറഞ്ഞു.

കുട്ടിക്കെതിരായ അക്രമത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബേക്കൽ ഡിവൈ.എസ്.പിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ബാലാവകാശകമ്മിഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

ആഗസ്റ്റ് 11ന് സ്‌കൂൾ അസംബ്ലിക്കിടെ ചരൽമണ്ണ് കാലുകൊണ്ട് നീക്കിയത് കണ്ട് ക്ഷുഭിതനായ പ്രഥമാദ്ധ്യാപകൻ കുട്ടിയെ കരണത്തടിച്ചതാണ് വിവാദമായത്. മർദ്ദനം കണ്ട ഇതെ സ്കൂളിലെ അഞ്ചാംക്ലാസുകാരിയായ സഹോദരി കുഴഞ്ഞുവീണിരുന്നു. രാത്രിയായതോടെ കടുത്ത ചെവിവേദന അനുഭവപ്പെട്ട കുട്ടിയെ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിശദപരിശോധനയിലാണ് കർണ്ണപടം തകർന്നെന്ന് വ്യക്തമായത്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ചികിത്സക്കായി ഒരു ലക്ഷം രൂപ വിഷയം ഒത്തുതീർക്കാൻ സഹാദ്ധ്യാപകർ വാഗ്ദാനം ചെയ്തതായും കുട്ടിയുടെ മാതാവ് പറഞ്ഞു. അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ഇന്നലെ സ്‌കൂളിലേക്ക് മാർച്ച് നടത്തി.

റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികളുണ്ടാകും

- മന്ത്രി വി.ശിവൻകുട്ടി