പി.പി. ദിവ്യയ്‌ക്ക് ബിനാമി കമ്പനിയെന്ന് ഹർജി: വിശദീകരണം തേടി

Tuesday 19 August 2025 12:00 AM IST

കൊച്ചി: പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തിയെന്ന ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയടക്കം വിശദീകരണം തേടി. വിജിലൻസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി.

'കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന ബിനാമി കമ്പനിയിലൂടെ ജില്ലാ പഞ്ചായത്തിന്റെ കരാർ ജോലികൾ നൽകി നേട്ടമുണ്ടാക്കിയെന്നാണ് ഹർജിയിലെ ആരോപണം. 2020 ഡിസംബറിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. 2021 ജൂലായ് 20നാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി.എ. ബിജുമോഹൻ, മുഹമ്മദ് ആസിഫ് എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്. സാമ്പത്തിക നേട്ടത്തിനായി ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ നേടിയെടുക്കാനായി തട്ടിക്കൂട്ടിയതാണ് കമ്പനിയെന്നും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്), നിർമ്മിതി കേന്ദ്ര എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതികൾ പിന്നീട് ബിനാമി കമ്പനിക്ക് കൈമാറിയെന്നുമാണ് ആരോപണം. കരാർ പോലുമില്ലാതെയാണ് ഇത് ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹർജിയിൽ വിശദീകരിക്കുന്നു.

വനിതകൾക്ക് താമസ സൗകര്യം ഒരുക്കാൻ 49 സെന്റ് സ്ഥലം വാങ്ങിയതിലും അഴിമതിയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വാധീനത്തിലാണ് ഇതെല്ലാം നടന്നിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.