കത്ത് വിവാദം: തിരിച്ചടിക്കാൻ സി.പി.എം
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ വ്യവസായി പി.ബിക്ക് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും, അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് നീക്കം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും ആരോപണ മുൾമുനയിലാക്കിയതോടെയാണിത്. എന്നാൽ ,പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ പി.ബിക്ക് പരാതി നൽകിയ ഷർഷാദിനെ , സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഇന്നലെ ഫോണിൽ ബന്ധപ്പെട്ടതായുള്ള സൂചനകളും പുറത്തു വരുന്നു. സി.പി.എമ്മിനുള്ളിലെ , പ്രത്യേകിച്ച് കണ്ണൂരിലെ ചേരിപ്പോരുകളുടെ ഭാഗമാണ് പുതിയ വിവാദമെന്നത് വ്യക്തം. ഗോവിന്ദന്റെ മണ്ഡലത്തിൽ നടന്ന ഹാപ്പി ഫെസ്റ്റിന്റെ മുഖ്യ സംഘാടകനായിരുന്ന ശ്യാംജിത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവും ഷർഷാദ് ഉന്നയിച്ചു. രാജേഷ് കൃഷ്ണയുടെ തട്ടിപ്പിനിരയായെന്ന് ഷർഷാദ് പരാതിയിൽ പറഞ്ഞ മുൻ ഭാര്യ റത്തീന, ഇന്നലെ ഷർഷാദിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതും ശ്രദ്ധേയമായി. മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന 'ചെന്നൈയിലെ വ്യവസായിയുടെ കത്ത് നാടകത്തിലെ തന്റെ റോളിനെക്കുറിച്ച് ആഖ്യാനങ്ങളുണ്ടായ സാഹചര്യത്തിലും, താനും ഈ വ്യവസായിയും തമ്മിലുള്ള കുടുംബ വഴക്കുമായി ബന്ധപ്പെട്ടതായതു കൊണ്ടുമാണ് ഈ പോസ്റ്റെന്നാണ് അവർ കുറിച്ചത്.
വിവാദം അസംബന്ധം:
എം.വി.ഗോവിന്ദൻ
വിവാദം അസംബന്ധമാണെന്നും ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഷർഷാദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ഷർഷാദിന്റെ ബാങ്ക് വായ്പ മുടങ്ങിയപ്പോൾ താൻ വിളിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഐസക്ക് പറയുന്നു. വിവാദ കത്ത് കഴിഞ്ഞ നാലു മാസമായി വാട്സ് ആപ്പിൽ കറങ്ങുന്നതാണെന്നും ഇത്തരം തോന്ന്യാസങ്ങൾ വാർത്തയാക്കി ആഘോഷിക്കുന്നത് പരിതാപകരമെന്നുമാണ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചത്.
ഇ.പി ജയരാജന് ബന്ധമുണ്ടായിരുന്ന വൈദേകം റിസോർട്ട് ഇടപാടിനെക്കുറിച്ചുള്ള പാർട്ടി തല അന്വേഷണത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യം പി.ജയരാജൻ നേരത്തേ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്ന. പിന്നാലെയാണ് ,പരാതി ചോർച്ചയ്ക്ക് പിന്നിൽ ഗോവിന്ദന്റെ മകനാണെന്ന ആരോപണം ഉയരുന്നത്. പയ്യന്നൂരിലെ ജ്യോതിഷി മാധവ പൊതുവാളിനെ എം.വി.ഗോവിന്ദൻ സന്ദർശിച്ചതിന്റെ ചിത്രം സഹിതമുള്ള വിവരങ്ങൾ ചോർത്തിയതും
പാർട്ടിയിലെ ചിലരാണെന്ന സംശയം ഉയരുന്നു.
സി.പി.എമ്മിലെ കത്ത് വിവാദം: എം.വി.ഗോവിന്ദൻ മകനോട് ചോദിച്ചോയെന്ന് ഷർഷാദ്
കണ്ണൂർ:സി.പി.എമ്മിലെ കത്ത് വിവാദം അസംബന്ധമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് മകനോട് ചോദിച്ചിട്ടാണോയെന്ന് പരാതിക്കാരനായ കണ്ണൂർ ന്യൂമാഹി സ്വദേശിയും ചെന്നെ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ് . എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തുമായി നടത്തിയ വാട്ട്സാപ്പ്, ഇമെയിൽ,ടെക്സ്റ്റ് മെസേജുകളെല്ലാം തന്റെ കൈയിലുണ്ട്.പിന്നെയെങ്ങനെ അസംബന്ധമാകും. താനും മകനുമായി ബന്ധമില്ലെന്ന് പറയാൻ എം.വി. ഗോവിന്ദന് സാധിക്കില്ലെന്നും ഷർഷാദ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ശ്യാംജിത്ത് മുഖേനയാണ് വ്യവസായിയും സി.പി.എം സഹയാത്രികനുമായ രാജേഷ് കൃഷ്ണ തന്റെ കുടുംബത്തിലേക്ക് വന്നു കയറിയത്. പ്രശ്നങ്ങളുണ്ടായപ്പോൾ ശ്യാമിനെയാണ് ബന്ധപ്പെട്ടത്.എന്നാൽ അന്ന് ശ്യാം ഒഴിഞ്ഞു മാറി. രാജേഷ് കൃഷ്ണയുടെ നിയന്ത്രണത്തിലാണ് ശ്യാം .പാർട്ടി സെക്രട്ടറിയുടെ മകനെന്ന നിലയിലുള്ള ബന്ധം സി.പി.എമ്മിൽ ശ്യാമിനുണ്ട്. തളിപ്പറമ്പിൽ എം.വി.ഗോവിന്ദന്റെ മണ്ഡലത്തിൽ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ശ്യാമിനെതിരെ ചില ആരോപണങ്ങളുണ്ടെന്ന് പാർട്ടിയിലെ ചിലർ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞു.കത്ത് വിവാദം പുറത്ത് വന്നതിന് പിന്നാലെ സി.പി.എമ്മിലെ നിരവധി നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. രാജേഷ് കൃഷ്ണയ്ക്ക് പി.ശശിയുമായും തോമസ് ഐസക്കുമായും നല്ല ബന്ധമാണുള്ളത്. കേരളത്തിലെ പല നേതാക്കളുടെയും സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് രാജേഷ് കൃഷ്ണയാണ്.അയാളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് പിന്നിലും ഇതാണെന്നും ഷർഷാദ് പറഞ്ഞു. കണ്ണൂരിലെ വീട്ടിലുണ്ടായിരുന്ന ഷർഷാദ് ഇന്നലെ രാവിലെ ചെന്നൈയിലേക്ക് മടങ്ങി.
ഷർഷാദ് തട്ടിപ്പുകാരനെന്ന് മുൻ ഭാര്യ
കൊച്ചി: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ കത്ത് വിവാദത്തിൽ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ മുൻഭാര്യ പി.ടി. റത്തീനയും. സി.പി.എം അംഗവും ബ്രിട്ടനിലെ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്തിൽ തന്റെ പേരും പരാമർശിക്കപ്പെട്ടതിനാലാണ് വിശദീകരണമെന്ന് റത്തീന ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. മമ്മൂട്ടി നായകനായ 'പുഴു" സിനിമയുടെ സംവിധായികയാണ് റത്തീന. ഈ സിനിമയുടെ സഹനിർമ്മാതാവായിരുന്നു രാജേഷ് കൃഷ്ണ. ''2024 നവംബറിൽ വിവാഹമോചനം ലഭിച്ചതാണ്. പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും ഇയാളെക്കൊണ്ട് ഉപദ്രവമാണ്. 'വ്യവസായി" എന്ന് പറയുന്നത് ഫണ്ട് തട്ടിക്കാനുള്ള മാർഗം മാത്രം. ഇയാൾ പറ്റിച്ച ആളുകൾ ചെന്നൈയിലും ദുബായിലും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും ഉണ്ട്. ആ പണം കിട്ടുമെന്നാരും പ്രതീക്ഷിക്കണ്ട. എന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല, എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല. ടോർച്ചർ സഹിക്ക വയ്യാതെയാണ് ഡിവോഴ്സ് ചെയ്തത്. എനിക്കും മക്കൾക്കും കോടതി നിർദ്ദേശിച്ച സംരക്ഷണം ഉറപ്പു വരുത്താൻ പൊലീസ് തയ്യാറാവണം,"" ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 2021 മാർച്ചിൽ കോടതി സംരക്ഷണ ഉത്തരവ് നൽകിയ ശേഷമാണ് ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അന്ന് തുടങ്ങിയ നിയമ പോരാട്ടങ്ങളിൽ ഒരിക്കൽ പോലും ഇയാൾ കോടതി നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. പിതാവിനെ ജാമ്യക്കാരനാക്കി കുടുംബ വീട് ജപ്തിയിലെത്തിച്ചു. തനിക്കെതിരെ മോശമായ പരാമർശങ്ങൾ ഉണ്ടാവരുതെന്നും വീടിന്റെ ജപ്തി ഒഴിവാക്കാൻ അടച്ച 2 കോടി 20 ലക്ഷം രൂപ ആറു മാസത്തിനകം തിരിച്ചുതരണമെന്നും ഉത്തരവുണ്ടെങ്കിലും പാലിച്ചിട്ടില്ല. കുഞ്ഞുങ്ങൾക്ക് ജീവനാംശം പോലും കൊടുക്കാത്തയാളാണ് ". കുഞ്ഞുങ്ങളുടെ പാസ്പോർട്ട് തിരിച്ചു തരുന്നില്ലെന്നും രത്തീനയുടെ പോസ്റ്റിൽ പറയുന്നു.