വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതികൾ
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡി.ജി.പിക്ക് കൈമാറും. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021 ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.
വേടന്റെ ജാമ്യഹർജി: അതിജീവിതയെ കക്ഷിചേർത്തു
കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ (ഹിരൺദാസ് മുരളി) നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അതിജീവിതയെ കക്ഷിചേർത്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചു. ഈ വാദത്തിന് അനുബന്ധമായ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചാണ് ഹർജി മാറ്റിയത്. അതേസമയം, ഉദയ സമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പരാതിയിൽ നിന്നു തന്നെ വ്യക്തമാണെന്ന് വേടന്റെ അഭിഭാഷകൻ വാദിച്ചു.