ആറുഗോൾ തോൽവി, പൊട്ടിക്കരഞ്ഞ് നെയ്മർ

Monday 18 August 2025 11:19 PM IST

സാവോപോളോ : ബ്രസീലിയൻ സെരി എ ഫുട്ബാൾ ലീഗിൽ തന്റെ ക്ളബ് സാന്റോസ് മറുപടിയില്ലാത്ത ആറുഗോളുകൾക്ക് തോറ്റിന് പിന്നാലെ ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് സൂപ്പർ താരം നെയ്മർ.കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ വാസ്‌കോ ഡ ഗാമയാണ് സാന്റോസിനെ തകർത്തത്.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന സാന്റോസ് രണ്ടാം പകുതിയിലാണ് അഞ്ചു ഗോളുകളും വാങ്ങിക്കൂട്ടിയത്. തോൽവിക്ക് പിന്നാലെ സാന്റോസ് കോച്ചിനെ പുറത്താക്കി.

പരാജയത്തിന് പിന്നാലെ നെയ്മർ പൊട്ടിക്കരഞ്ഞപ്പോൾ സാന്റോസിന്റെ ആരാധകർ അക്രമാസക്തരായിരുന്നു. സഹതാരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുകളും ചേർന്നാണ് താരത്തെ ആശ്വസിപ്പിച്ചത്. തന്റെ ജീവിതത്തിൽ ഇത്ര നിരാശ അനുഭവിച്ചിട്ടില്ലെന്നും സങ്കടവും ദേഷ്യവും കൊണ്ടാണ് കരഞ്ഞതെന്നും ആരാധകർ അക്രമത്തിന്റെ വഴി സ്വീകരിക്കരുതെന്നും പിന്നീട് നെയ്മർ പറഞ്ഞു. സൗദി ക്ളബ് അൽ ഹിലാലിൽ കളിച്ചിരുന്ന നെയ്മർ ഈ വർഷമാണ് തന്റെ ആദ്യകാല ക്ളബ് സാന്റോസിലേക്ക് തിരിച്ചുവന്നത്.