സമഗ്രശിക്ഷ കേരളയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം

Tuesday 19 August 2025 12:19 AM IST
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: മനുഷ്യാവകാശ കമ്മിഷൻ ഉത്തരവനുസരിച്ച് സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം സമർപ്പിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷ കേരള ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ സൂക്ഷിക്കാൻ ഫലവത്തായ ഒരു സംവിധാനമുണ്ടാക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതുൾപ്പെടെ കമ്മിഷൻ കഴിഞ്ഞ വർഷം സമഗ്രശിക്ഷ കേരള, ഡയറക്ടർക്ക് നൽകിയ ഉത്തരവനുസരിച്ചുള്ള റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. 75 ശതമാനം സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് വാങ്ങിക്കൊടുത്ത കമ്മോഡ് ചെയർ അനുയോജ്യമാകാതെ വന്നപ്പോൾ തിരികെ നൽകിയെന്നും എന്നാൽ പകരം ഉപകരണം നൽകിയില്ലെന്നുമാരോപിച്ച് കുട്ടിയുടെ പിതാവ് കെ.ശശികുമാർ നൽകിയ പരാതിയിലാണ് 2024 മേയ് 23ന് കമ്മിഷൻ സമഗ്രശിക്ഷ ഡയറക്ടർക്ക് ഉത്തരവ് നൽകിയത്. ഡയറക്ടർ ചേളന്നൂർ ബി.ആർ.സി. ജീവനക്കാരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരൻ വീണ്ടും കമ്മിഷനെ സമീപിച്ചു.