പീറ്റർ ഷിൽട്ടന്റെ റെക്കാഡ് തകർക്കാൻ ഫാബിയോ

Monday 18 August 2025 11:21 PM IST

സാവോപോളോ : ഫുട്‌ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടന്റെ റെക്കാഡ് തകർക്കാനായി ബ്രസീലിയൻ ക്ലബ് ഫ്ളുമിനെൻസിന്റെ ഗോൾകീപ്പർ ഫാബിയോ നാളെ ഇറങ്ങുന്നു. സുഡാമേരിക്കാന ടൂർണമെന്റിൽ കൊളംബിയൻ ടീമായ അമേരിക്ക ഡി കാലിയയ്ക്ക് എതിരെ വല കാക്കാനിറങ്ങുമ്പോൾ ഫാബിയോയുടെ പേരിൽ 1391 മത്സങ്ങൾ കുറിക്കപ്പെടും. കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗ് സെരി എയിൽ ഫോർട്ടാലസയ്‌ക്കെതിരേ ഇറങ്ങിയപ്പോഴാണ് 44കാരനായ ഫാബിയോ 1390 മത്സരങ്ങളെന്ന ഷിൽട്ടന്റെ റെക്കാഡിന് ഒപ്പമെത്തിയത്.

28

വർഷത്തെ പ്രൊഫഷണൽ കരിയറിൽ യൂണിയോ ബാൻഡെയ്‌റാന്റെ (30 മത്സരങ്ങൾ), വാസ്‌കോഡ ഗാമ (150), ക്രുസെയ്‌റോ (976), ഫ്‌ളുമിനെൻസ് (234) എന്നീ ക്ലബ്ബുകൾക്കായാണ് താരം കളിച്ചത്. ക്രുസെയ്‌റോയിൽ 16 വർഷം ഫാബിയോ കളിച്ചു. രണ്ട് ബ്രസീലിയൻ ചാമ്പ്യൻഷിപ്പുകളും രണ്ട് കോപ്പ ഡോ ബ്രസീൽ കിരീടങ്ങളും നേടി. 2022-ലാണ് ഫ്‌ളുമിനെൻസിലെത്തുന്നത്. കോപ്പ ലിബർട്ടഡോറസ്, റെക്കോപ്പ സുഡാമെറിക്കാന കിരീട നേട്ടങ്ങളിൽ പങ്കാളിയായി.

1,390

മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടന്റെ നേട്ടം ഗിന്നസ് റെക്കോഡും ഇന്റർനാഷണൽ ഫെഡറേഷന്‍ ഓഫ് ഫുട്‌ബാൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. 1966-ൽ കരിയർ ആരംഭിച്ച ഷിൽട്ടണ്‍ 1997-ലാണ് വിരമിക്കുന്നത്.

ഷിൽട്ടണും ഫാബിയോക്കും ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 1283 മത്സരങ്ങളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്. റോഗ്രിയോ സെനി (1,265), ഫ്രാന്റിസെക് പ്ലാനിക്ക (1,187) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.