സാധനവില താഴുന്നു; ഓണമുണ്ണാം ആശ്വാസത്തോടെ, സർക്കാർ ഇടപെടൽ തുണയായി

Tuesday 19 August 2025 1:22 AM IST

തിരുവനന്തപുരം: അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണവില മൊത്തവിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക്. മിക്ക അരി ഇനങ്ങൾക്കും വില 50ന് താഴെ. പലവ്യഞ്ജന, പച്ചക്കറി വിലയും താഴുന്നു. പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്ക് ആശ്വാസവില. ഇക്കുറി ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് അധികം ചോരില്ല. കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടിപ്പോൾ.

സർക്കാർ ഓണച്ചന്തകൾ വഴി വിലക്കുറവിൽ സാധനങ്ങൾ നൽകാൻ തീരുമാനിച്ചതും അരി ഉൾപ്പെടെ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സ്റ്റോക്ക് എത്തിയതുമാണ് കാരണം.

മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ അരിവില കുറഞ്ഞിട്ട് രണ്ടു മാസത്തോളമായി. കിലോഗ്രാമിന് 350 രൂപ വരെയെത്തിയ മുളകിന്റെ വില ഇപ്പോൾ 120 രൂപ. സവാളയ്ക്ക് 28 രൂപ. മൊത്ത വിപണിയിൽ പയർ 160 രൂപയിൽ നിന്ന് 95ലെത്തി. പച്ചക്കറികൾക്ക് പൊതുവിൽ വിലകുറഞ്ഞെങ്കിലും തക്കാളി, വെണ്ടയ്ക്ക, പടവലം തുടങ്ങിയ ചില ഇനങ്ങൾക്ക് നേരിയ വിലവർദ്ധനയുണ്ട്. ഹോർട്ടികോർപ്പ് ഓണച്ചന്തകൾ തുടങ്ങുന്നതോടെ ഇവയുടെ വിലയും കുറയാനിടയുണ്ട്.

സർക്കാർ ഇടപെടൽ ഫലപ്രദം

1.സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നൽകുന്ന 'ഹാപ്പി അവേഴ്സ്' സപ്ലൈകോയിൽ വീണ്ടും തുടങ്ങി. ഉച്ചയ്ക്കു രണ്ടുമുതൽ നാലുവരെയാണിത്. ഈ സമയം 10% അധിക വിലക്കിഴിവ്

2.സപ്ലൈകോ ഓണച്ചന്തകൾ 25 മുതൽ. സബ്സിഡിയില്ലാത്ത ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 50% വരെ വിലക്കിഴിവുണ്ടാകും. 13 ഇനം സബ്സിഡി സാധനങ്ങൾക്കുള്ള വിലക്കിഴിവിനു പുറമേയാണിത്. കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ അരിയും വിതരണം ചെയ്യും

വെളിച്ചെണ്ണ വില കുറയ്ക്കും

ഇന്ന് കൊച്ചിയിൽ നടക്കുന്ന സപ്ലൈകോ ഉന്നതതല യോഗം സബ്സിഡി വെള്ളിച്ചെണ്ണയുടെ വില കുറയ്ക്കുന്നത് ചർച്ച ചെയ്യും. ഇപ്പോൾ ലിറ്ററിന് 349 രൂപയ്ക്ക് നൽകുന്നത് 300 രൂപയ്ക്ക് താഴെയാക്കുന്നതിനെക്കുറിച്ചാണ് ആലോചന. പൊതുവിപണിയിൽ വില 380-400 രൂപവരെ താഴ്ന്നതിനെ തുടർന്നാണിത്.

വിലക്കുറവ് ഇങ്ങനെ

(ഇനം, ഇന്നലത്തെ വില,

കഴിഞ്ഞവർഷം ആഗസ്റ്റിലേത്, കിലോഗ്രാമിൽ)

അരി

മട്ട.....................46- 51, 49-56

ജയ..................39-41.60, 45- 51

സുരേഖ...........43-47, 46-54

പച്ചരി...............31-39, 35-40

ഡൊപ്പി............34-46, 38-48

പൊന്നി...........42-65, 55-70

പലവ്യഞ്ജനം

പയർ...................95-118, 160

ഉഴുന്ന്.................99-109, 145-150

പരിപ്പ്..................82-95, 110-120

ചെറിയ ഉള്ളി.....53, 56

ഉരുളക്കിഴങ്ങ്.....32, 42

പച്ചക്കറി

പച്ചമുളക്............47, 54

പച്ചമാങ്ങ............30, 37

മത്തൻ.................17, 23

ചെറുനാരങ്ങ.....54, 105

പാവയ്ക്ക.................36, 40

ബീൻസ്...............42, 44

കാരറ്റ്..................42, 50

വെള്ളരിക്ക........ 27, 30

വെളുത്തുള്ളി....104, 169

ഇഞ്ചി.................. 74, 105

(ചാല മാർക്കറ്റിലെ

മൊത്ത വിപണി വില)

''വിപണിയിൽ സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാക്കും. സപ്ലൈകോയിൽ സാധനവില ഇനിയും കുറയ്ക്കാനുള്ള ആലോചനയിലാണ്

-ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി