മെഡി. കോളേജ് ദുരവസ്ഥയ്ക്കെതിരെ നെഫ്രോളജി മേധാവി, 'കെ സോട്ടോ' പരാജയം, പുതിയ വെളിപ്പെടുത്തലും ഫേസ്ബുക്കിൽ
തിരുവനന്തപുരം: മെഡി.കോളേജ് യൂറോളജി മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവിയും ആക്ഷേപവുമായി എത്തിയത് ആരോഗ്യവകുപ്പിന് പുതിയ തലവേദനയായി.
മരണാനന്തര അവയവദാന പദ്ധതിയായ 'കെ സോട്ടോ'യിൽ (പഴയ മൃതസഞ്ജീവനി) ശസ്ത്രക്രിയകൾ ഒന്നും നടക്കുന്നില്ലെന്നാണ് നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചെഴുതിയ കുറിപ്പിലാണ് ആക്ഷേപം.കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസിനെതിരെയും പരാമർശമുണ്ട്.
യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലും നെഫ്രോളജി മേധാവിയായിരുന്ന ഡോ.രാംദാസ് പിഷാരടിയുമാണ് കെ സോട്ടാ പദ്ധതിയെ ജനകീയമാക്കിയത്.2017ൽ ഡോ.രാംദാസിന്റെ മരണശേഷം വിരളിലെണ്ണാവുന്ന ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളു. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോലിചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലും മരണാനന്തര അവയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.വിഷയം വിവാദമായതോടെ ഡോ.മോഹൻദാസ് പോസ്റ്റ് പിൻവലിച്ചു.
കെ സോട്ടോയുടെ പങ്കാളിത്തമില്ലാതെയാണ് അടുത്തിടെ മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നത്.മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ സർക്കാർ മെഡിക്കൽ കോളേജുകൾ പിന്നാക്കം നിൽക്കുകയാണെന്നും കെസോട്ടോ നോക്കുകുത്തിയായി മാറിയെന്നുമാണ് ആക്ഷേപം.
അഴിമതിയില്ലാത്ത ശസ്ത്രക്രിയ
കെ സോട്ടോയുടെ സഹായമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളിൽ തിരു: മെഡിക്കൽ കോളേജിൽ നാല് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയരമായി നടത്തിയെന്ന് ഈമാസം ഒന്നിന് ഡോ.മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.അഴിമതിയില്ലാത്ത വൃക്കമാറ്റിവയ്ക്കലിന് സഹായിച്ച എല്ലാവർക്കും നന്ദിയെന്നായിരുന്നു മോഹൻദാസിന്റെ വാക്കുകൾ.
കാരണം കാണിക്കൽ നോട്ടീസ്
കെ സോട്ടോയെ വിമർശിച്ച ഡോ.മോഹൻദാസിന് പ്രിൻസിപ്പൽ പി.കെ.ജബ്ബാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ആഭ്യന്തര വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കിയത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
''മസ്തിഷ്ക മരണം നിർണ്ണയിക്കുന്നതിൽ കെ സോട്ടോയ്ക്ക് നേരിട്ട് പങ്കില്ല. ഡോക്ടർമാർക്ക് പരിശീലനം നൽകി എംപാനൽ ചെയ്യുക,ആശുപത്രികൾക്ക് ലൈസൻസ് നൽകൽ, ഏകോപനം എന്നിവയാണ് കെ സോട്ടോയുടെ ഉത്തരവാദിത്വം.
-ഡോ.എസ്.എസ്.നോബിൾ ഗ്രേഷ്യസ്
എക്‌സിക്യൂട്ടീവ് ഡയറക്ടർ,കെ സോട്ടോ