സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് പാലക്കാട് കിരീടത്തിലേക്ക്
മൂന്നാം ദിനം നാലുറെക്കാഡുകൾ
തിരുവനന്തപുരം : സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ കിരീടമുറപ്പിച്ച് പാലക്കാട് ജില്ല. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 25 സ്വർണവും 16 വെള്ളിയും 26 വെങ്കലവും അടക്കം 477 പോയിന്റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. 19 സ്വർണമുൾപ്പടെ 428.5 പോയിന്റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 16 സ്വർണം ഉൾപ്പടെ 311 പോയിന്റ് നേടിയ ആതിഥേയരായ തിരുവനന്തപുരം മൂന്നാമതുണ്ട്. മീറ്റ് ഇന്ന് സമാപിക്കും.
ഇന്നലെ നാലുറെക്കാഡുകൾ കൂടി പിറന്നു. അണ്ടർ 18 ആൺകുട്ടികളുടെ 200 മീറ്ററിൽ ആലപ്പുഴയുടെ അതുൽ ടി.എം 21.77 സെക്കൻഡിൽ ഓടിയെത്തിയാണ് പുതിയ മീറ്റ് റെക്കാഡ് കുറിച്ചത്. അണ്ടർ 20 പുരുഷ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കിരൺ.കെ 13.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കാഡിന് ഉടമയായി. 2015ൽ മെയ്‌മോൻ പൗലോസ് കുറിച്ചിരുന്ന 13.94 സെക്കൻഡിന്റെ റെക്കാഡാണ് കിരൺ തകർത്തെറിഞ്ഞത്. അണ്ടർ 20 പുരുഷ ഡിസ്കസ് ത്രോയിൽ 51.11 മീറ്റർ എറിഞ്ഞ് കെ.സി സർവൻ റെക്കാഡ് തിരുത്തിയെഴുതി. 42.57 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത തിരുവനന്തപുരത്തിന്റെ അണ്ടർ 20 പുരുഷ 4-100 മീറ്റർ റിലേ ടീമും റെക്കാഡിന് ഉടമകളായി.
ഇന്നലെ നടന്ന അണ്ടർ 16 പെൺകുട്ടികളുടെ 200 മീറ്ററിൽ കണ്ണൂരിന്റെ ഇവാന ടോമി സ്വർണം നേടി. അണ്ടർ 18 പെൺകുട്ടികളുടെ 800 മീറ്ററിൽ പാലക്കാടിന്റെ നിവേദ്യ കലാധരനാണ് സ്വർണം. 3000 മീറ്ററിൽ കോട്ടയത്തിന്റെ ആൻ മരിയ ജോൺ ഒന്നാമതെത്തി. അണ്ടർ 16 ആൺകുട്ടികളുടെ 200 മീറ്ററിൽ പാലക്കാടിന്റെ അഭിറാം ടി.എസിനാണ് സ്വർണം. അണ്ടർ 18 ആൺകുട്ടികളുടെ 800 മീറ്ററിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഷാദിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. അണ്ടർ 18 പുരുഷ 3000 മീറ്ററിൽ തൃശൂരിന്റെ പ്രണവ്.എസും അണ്ടർ 20 3000 മീറ്ററിൽ ബിറ്റോ ജോസഫും ജേതാക്കളായി. 10 കി.മീ റേസ് വാക്കിംഗിൽ എറണാകുളത്തിന്റെ ജിതിൻ രാജിനാണ് സ്വർണം.