മകളെ കൊന്നവനെ തൂക്കണം: ഹൈക്കോടതിയിൽ ബഹളം, അമ്മ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിൽ ഒമ്പത് കൊല്ലം മുമ്പ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ മാതാവിനെ ഹൈക്കോടതിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ കൊലപ്പെടുത്തിയ പ്രതി അമീറുൾ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും നീതി നടപ്പാക്കണമെന്നും ഹൈക്കോടതി ജഡ്ജിമാരോട് നേരിട്ട് ആവശ്യപ്പെടാനാണ് ഇവർ എത്തിയത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. തിരിച്ചറിയൽ കാർഡ് ഹാജരാക്കി ടോക്കൺ എടുത്താണ് ഹൈക്കോടതി കെട്ടിടത്തിൽ പ്രവേശിക്കേണ്ടത്. ടോക്കണില്ലാതെ പ്രവേശന കവാടത്തിലെത്തിയ മാതാവിനെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ ഹൈക്കോടതി ജഡ്ജിമാരെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിന് അനുമതിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പിൻവാങ്ങാതെ ബഹളം വച്ചു. ജഡ്ജിമാരെ നേരിട്ട് കാണാൻ സാധിക്കില്ലെന്നും അഭിഭാഷകൻ മുഖേന കോടതിയെ സമീപിക്കാമെന്നും സ്ഥലത്തെത്തിയ സെൻട്രൽ പൊലീസും വനിതാ പൊലീസും പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടർന്ന് കരുതൽതടങ്കൽ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
പെരുമ്പാവൂർ കുറുപ്പംപടിയിലെ വീട്ടിൽ മകൾക്കൊപ്പം താമസിച്ചിരുന്ന ഇവർ ഇപ്പോൾ എറണാകുളം മറൈൻഡ്രൈവിലും പരിസരത്തുമായി തങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥയായ മൂത്തമകളുമായി ബന്ധമില്ല. ഇടക്കാലത്ത് ഓച്ചിറ പരബ്രഹ്മസന്നിധിയിലും പരിസരത്തും കണ്ടതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
2016 ജൂലായിലാണ് നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. പ്രതി അമീറുൾ ഇസ്ലാമിന് എറണാകുളം സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.