ആട്ടോ ഡ്രൈവറുടെ ആത്മഹത്യ : 2 സി.പി.എമ്മുകാർ കൂടി അറസ്റ്റിൽ
കോഴിക്കോട്: സി.പി.എം - സി.ഐ.ടി.യു പ്രവർത്തകരുടെ അക്രമത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകനായ ആട്ടോ ഡ്രൈവർ എലത്തൂർ എസ്.കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (43) പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു സി.പി.എമ്മുകാർ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആറു പ്രതികൾ ഒളിവിലാണ്.
എലത്തൂർ കോട്ടേടത്ത് ബസാർ എരോത്ത്താഴത്ത് ഹൗസിൽ മുരളി, സി.ഐ.ടി.യു എലത്തൂർ ആട്ടോസ്റ്റാൻഡ് യൂണിയൻ സെക്രട്ടറി ഖദ്ദാസി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മുരളിയെ ഇന്നലെ രാവിലെ പത്തു മണിയോടെ വെള്ളിമാടുകുന്ന് ഭാഗത്തു വച്ചും വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഖദ്ദാസിയെ ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൊറ്റക്കണ്ടത്തിൽ ശ്രീലേഷ്, കളംകോളിതാഴം ഷൈജു എന്നിവരാണ് നേരത്തേ പിടിയിലായവർ.
എലത്തൂർ കൊട്ടേടത്ത് ബസാറിലെ പഞ്ചിംഗ് സ്റ്റേഷനടുത്തുവച്ച് 15നാണ് രാജേഷ് ആക്രമണത്തിന് ഇരയായത്. വിലക്ക് ലംഘിച്ച് ആട്ടോ സ്റ്റാൻഡിൽ കയറിയതിന്റെ പേരിലായിരുന്നു മർദ്ദനം. ഓടി രക്ഷപ്പെട്ട രാജേഷ് റോഡരികിൽ നിറുത്തിയിട്ട ആട്ടോയിൽ നിന്ന് പെട്രോളെടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയാണുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ രജിഷയുടെ പരാതിയിൽ പത്തു പേർക്കെതിരെയാണ് കേസ്.
ആംബുലൻസുമായി പൊലീസ്
സ്റ്റേഷനിലേക്ക് മാർച്ച്
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് മൃതദേഹം വഹിച്ച ആംബുലൻസുമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. രാജേഷിനെ മർദ്ദിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് ആരോപണം. സി.പി.എമ്മുകാർ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജേഷ് ആത്മഹത്യയ്ക്ക് മുതിർന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. കർശന നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന്
അദ്ദേഹം പറഞ്ഞു.