ബെൻസുമായി ചേർന്ന് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ്
ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളെപ്പറ്റി പഠിക്കൽ,പ്രശ്നം പരിഹരിക്കൽ എന്നിവ ഉൾപ്പെട്ട അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം) കോഴ്സിന് അപേക്ഷിക്കാം. തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് എ.ഡി.എ.എം കോഴ്സ് സംഘടിപ്പിക്കുന്നത്. ആകെ 24 പേർക്കാണ് പ്രവേശനം. 5സീറ്റുകൾ മേഴ്സിഡസ് ബെൻസ് ഇന്ത്യ ഡീലർ നോമിനികൾക്കായി മാറ്റിവിച്ചിരിക്കുന്നു.
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിസ്റ്റം, സോഫ്റ്റ് സ്കിൽസ്, വർക്ക്ഷോപ്പ് എന്നിങ്ങനെ 5 മൊഡ്യൂളുകളാണ് കോഴ്സിനുള്ളത്. വർക്ക്ഷോപ്പുകളും തിയറി ക്ലാസുകളുമുൾപ്പെടുന്ന കോഴ്സ് ഓഫ്‌ലൈൻ മോഡിലായിരിക്കും നടക്കുക. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഫീസ് 85000 രൂപ.
യോഗ്യത
എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. ശാഖകൾ: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മെക്കാട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്.
മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആകെ 125 മാർക്ക്. പരീക്ഷാ സമയം 2 മണിക്കൂർ. ബേസിക് ഫിസിക്സ് (20 മാർക്ക്), ബേസിക് ഓട്ടോമോട്ടീവ് (20), ന്യൂമറിക്കൽ എബിലിറ്റി (20), അനലറ്റിക്കൽ റീസണിംഗ് (20), സർവീസ് ആപ്റ്റിറ്റ്യൂഡ് (20), എൻജി. ഡ്രോയിംഗ് ടെസ്റ്റ് (25) എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. സിലബസും ചോദ്യപേപ്പർ മാതൃകയും വെബ്സൈറ്റിൽ ലഭിക്കും.
സെപ്തംബർ 27ന് ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിലാണ് പരീക്ഷ. 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 22ന് കോഴ്സ് ആരംഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷിക്കേണ്ട അസാന തീയതി സെപ്തംബർ6.
വെബ്സൈറ്റ്: www.gecbh.ac.in