ആറൻമുള ചെമ്പടയ്ക്കെതിരെ കേസ്

Tuesday 19 August 2025 12:11 AM IST

പത്തനംതിട്ട: സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗത്തിന്റെ പരാതിയിൽ മന്ത്രി വീണ ജോർജിനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന 'ആറന്മുളയുടെ ചെമ്പട' എന്ന ഫേസ് ബുക്ക് പേജിനെതിരെ കേസെടുത്തു. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാറിന്റെ പരാതിയിൽ തിരുവല്ല പുളിക്കീഴ് പൊലീസാണ് കേസെടുത്തത്. വീണാജോർജിനെ അനുകൂലിച്ചും സനൽകുമാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും അടുത്തിടെ നിരവധി പോസ്റ്റുകളാണ് ചെമ്പട പേജിൽ പ്രത്യക്ഷപ്പെട്ടത്. ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനൽകുമാർ, വീണാജോർജിനെതിരെ നീക്കങ്ങൾ നടത്തുന്നുവെന്നായിരുന്നു ചെമ്പടയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് സനൽകുമാറിനെതിരായ വിമർശനങ്ങൾ വന്നിരുന്നത്. ഇതിനുപിന്നാലെ സനൽകുമാർ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു.