അടൂർ സാഹിത്യോത്സവം സമാപി​ച്ചു, സർഗാത്മകം

Tuesday 19 August 2025 12:15 AM IST

അടൂർ: വ്യത്യസ്തമായ വിഷയങ്ങളും ഗൗരവമേറിയ സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ അടൂർ സാഹിത്യോത്സവം സമാപിച്ചു. മൂന്ന് ദിവസമായി അടൂർ എസ് എൻ ഡി പി ഹാളിൽ നടന്ന സാഹിത്യോൽസവം സാഹിത്യപ്രേമികൾക്ക് വേറിട്ട അനുഭവമായി. സമരങ്ങൾ എങ്ങനെ സർഗാത്മകമാക്കാം എന്ന വിഷയത്തിൽ വിദ്യാർത്ഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയാണ് ഏറെ ശ്രദ്ധേയമായത്. സിനിമ, കാഴ്ചയുടെ കലാപം, ഇന്ത്യ എന്ന ആശയം, നവോത്ഥാനം ഇന്നലെ ഇന്ന്, ഇനി വായന ഈ വായനയോ ? എഴുത്തുകാരന്റെ പക്ഷം, നോവലിലെ ഭാവുകത്വ പരിണാമം, നവോത്ഥാന കേരളത്തിലെ സ്ത്രീ ശാക്തീകരണം സത്യവും മിഥ്യയും, കവിതയിലെ വിതയും വിളയും, കറുപ്പിന്റെ രാഷ്ട്രീയം, മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം, തുടങ്ങി ശ്രദ്ധേയമായ വിഷയങ്ങളാണ് ചർച്ച ചെയ്യതത്. കെ.വി.മോഹൻകുമാർ, രവി വർമ്മ തമ്പുരാൻ, വിനോദ് ഇളകൊള്ളൂർ, പി.സി. വിഷ്ണുനാഥ്, ശ്രീജിത്ത് പണിക്കർ, ശ്രീജാശ്യാം, ഡോ.ബിജു, മധുപാൽ, മുൻ എം.പി സോമപ്രസാദ്, എം.ടി.രമേശ്, സന്ദീപ് വചസ്പദി, സി.എസ്.സുജാത, ശബരീനാഥൻ, അബിൻ വർക്കി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ഡോ.മണക്കാല ഗോപാലകൃഷ്ണൻ, ജനറൽ കൺവീനർ, ജയൻ ബി.തെങ്ങമം, വൈസ് ചെയർമാൻ ശ്രീനാദേവി കുഞ്ഞമ്മ, പ്രോഗ്രാം കമ്മി​റ്റി ചെയർമാൻ ഡോ.പഴകുളം സുഭാഷ്, കൺവീനർ, ഡോ.വർഗീസ് പേരയിൽ, സുരേഷ് കുഴുവേലിൽ, അനിതാ ദിവോദയം എന്നിവർ നേതൃത്വം നൽകി.