കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് ഔട്ട് ഒഫ് സ്റ്റോക്ക്
കൊല്ലം: കൊട്ടിഘോഷിച്ച് അവതരിപ്പിച്ച കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡുകൾ കിട്ടാനില്ല. കഴിഞ്ഞ മേയ് ആദ്യവാരമാണ് ജില്ലയിൽ ട്രാവൽ കാർഡുകൾ അവതരിപ്പിച്ചത്. യാത്രകൾ സുഗമമാക്കാനും 'ചില്ലറ' പ്രശ്നം ഒഴിവാക്കാനും പണം കൈവശമില്ലാത്തപ്പോഴും യാത്ര ചെയ്യുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്.
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ എത്തിച്ച കാർഡുകൾ അതിവേഗം തീർന്നു. ഏകദേശം 8000 ഓളം കാർഡുകളാണ് ജില്ലയിൽ ആദ്യഘട്ടം വിതരണം ചെയ്തത്. വീണ്ടും എത്തിച്ചിരുന്നെങ്കിലും ഇതും വേഗത്തിൽ തീർന്നു. എന്നാൽ പിന്നീട് ആവശ്യത്തിന് ട്രാവൽ കാർഡുകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ല.
ദിനംപ്രതി നിരവധിപേരാണ് സൗകര്യം പ്രയോജനപ്പെടുത്താൻ ഓരോ ഡിപ്പോയിലും എത്തുന്നത്. കാർഡുകൾ തീർന്നുവെന്ന മറുപടിയല്ലാതെ എന്നത്തേക്ക് ലഭ്യമാകുമെന്ന മറുപടി നൽകാൻ അധികൃതർക്കാകുന്നില്ല.
അതേസമയം ടിക്കറ്റ് നൽകുന്നതിനേക്കാൾ സമയമെടുക്കുമെന്നതിനാൽ ഭൂരിഭാഗം കണ്ടക്ടർമാരും ട്രാവൽ കാർഡിന് വലിയ പ്രചാരണം നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ.എസ്.ആർ.ടി.സിക്കും ഈ സംവിധാനങ്ങൾ ഒരുക്കി നൽകിയത്. കണ്ടക്ടറിൽ നിന്നോ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവിൽ നിന്നോ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നോ യാത്രക്കാർക്ക് കാർഡ് വാങ്ങാം.
നെറ്റ്വർക്കിൽ ബ്രേക്ക്ഡൗൺ
സഞ്ചരിക്കുന്ന ബസായതിനാൽ പലസ്ഥലങ്ങളിലും നെറ്റ്വർക്ക് പ്രശ്നം
പേയ്മെന്റ് നടത്തിയാലും ചിലപ്പോൾ ടിക്കറ്റ് ലഭിക്കില്ല
പണം നാല് ദിവസത്തിനുള്ളിൽ തിരികെ അക്കൗണ്ടിലെത്തും
പണം തിരികെ ലഭിക്കുന്നില്ലെന്നും യാത്രക്കാർ
ഓർഡിനറിയടക്കം എല്ലാ ബസുകളിലും സംവിധാനം
പരാതി പരിഹരിക്കാൻ പുതിയ ടിക്കറ്റ് യന്ത്രങ്ങൾ
ജില്ലയിലെ എല്ലാ ഡിപ്പോകളിലും ലഭ്യമാക്കി
ഒരു വർഷംവരെ യാത്രചെയ്യാം
ഒരു കാർഡ് എത്രപേർക്ക് വേണമെങ്കിലും ഉപയോഗിക്കാം
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാം
പ്രവർത്തന ക്ഷമമല്ലെങ്കിൽ ഫോൺ നമ്പർ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം
ദിവസങ്ങൾക്കുള്ളിൽ പുതിയ കാർഡ്
കേടുപാടുകൾ പറ്റിയാലും മാറ്റിയെടുക്കാം
പഴയ കാർഡിലെ തുക പുതിയതിലേക്ക് ചേർക്കും
ട്രാവൽ കാർഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള കാർഡിന്റെ പ്രിന്റിംഗ് നടക്കുകയാണ്. എത്രയും വേഗം എത്തിക്കും.
കെ.എസ്.ആർ.ടി.സി അധികൃതർ