വിരൽതുമ്പിൽ ഹരിതമിത്രം 2.0, ഹരിതകർമ്മസേനയ്ക്കുള്ള ഫീസ് ഇനി ഒരു സ്കാനിൽ

Tuesday 19 August 2025 12:49 AM IST

തിരുവനന്തപുരം : വീടുകളിലെ അജൈവ മാലിന്യശേഖരണത്തിന് ഹരിതകർമസേനക്ക് നൽകുന്ന യൂസർ ഫീ ഇനി ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം. സംസ്ഥാനത്തെ 14മുനിസിപ്പാലിറ്റികളിലും 15ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും ബുധനാഴ്ച ഈ സംവിധാനം നിലവിൽവരും. അടുത്തഘട്ടത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത് വ്യാപിപ്പിക്കും. നിലവിലുള്ള ഹരിതമിത്രം ആപ്പിനെ പരിഷ്കരിച്ചാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. ഒരുവാർഡിൽ നിന്നുള്ള മാലിന്യം ഏത് എം.സി.എഫിൽ സൂക്ഷിക്കുന്നു,എവിടേക്ക് കൊണ്ടുപോകുന്നു,ഒരുവാർഡിൽ നിന്ന് പ്രതിമാസം എത്ര രൂപ യൂസർഫീ കിട്ടി,ഹരിതകർമ്മസേന എത്താത്ത വാർഡുകളുണ്ടോ തുടങ്ങിയവിവരങ്ങളെല്ലാം ആപ്പിൽ ലഭിക്കും. യു.പി.ഐ സംവിധാനത്തോടെ ഫീസ് അടക്കുകയും അടച്ചതിന്റെ തത്സമയ സന്ദേശവും രസീത് ഡൗൺലോഡും ലഭ്യമാകും.നിലവിൽ ഫീസ് വാങ്ങിയ ശേഷം വീടുകളിലും സ്ഥാപനങ്ങളിലും നൽകിയിട്ടുള്ള കാർഡിൽ എഴുതുകയാണ്. ഹരിത കർമസേനക്ക് നൽകുന്ന യൂസർഫീയുടെ കാർഡുണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സേവനം ലഭ്യമാകൂ. ഹരിതകർമ്മസേനക്കാരെ ബന്ധപ്പെടാനുള്ള നമ്പറും സന്ദേശമയക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. അതിർത്തിജില്ലകളിലുള്ളവരുടെ സൗകര്യത്തിന് തമിഴ്, കന്നട ഭാഷകളിൽ ആപ്പ് തയാറാക്കുന്നതും പുരോഗമിക്കുന്നു. ഹരിതകർമസേനയുടെ അടുത്ത മാലിന്യശേഖരണം ഏതുദിവസമാണ്, എത്ര മണിക്കാണ് എന്നിവയും എത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും അടുത്തഘട്ടത്തിൽ ഉൾപ്പെടുത്തും.

യൂസർ ഫീ നൽകാത്തവർക്ക് പിഴ. ഫീസ് നൽകാത്തവരിൽനിന്ന് നിശ്ചിത സമയം കഴിഞ്ഞാൽ പിഴ ഈടാക്കാൻ നിയമമുണ്ട്. എന്നാൽ അവരെ കൃത്യമായി കണ്ടെത്താൻ കഴിയാറില്ല. ഹരിതമിത്രം 2.0 യിൽ ഫീസ് വിവരം ലഭിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പിഴയീടാക്കൽ എളുപ്പമാവുകയും യൂസർഫീ പിഴത്തുക കെട്ടിടനികുതി കുടിശ്ശികയായി കണക്കാക്കുകയും ചെയ്യാം. കെ സ്മാർട്ടിലെ ഡോർ നമ്പറുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനം യൂസർഫീ കൃത്യമായി നൽകുന്നുമെന്ന് ഉറപ്പാക്കാം.