കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറു വേണോ?
ചേകാടി (വയനാട്): ''കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറു വേണോ?..."" ചേകാടി ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ അടച്ചിട്ട ക്ളാസ് മുറിക്കുള്ളിലിരുന്ന് ജനാലകൾക്കിടയിലൂടെ വിളിച്ചുകൂവി. കാട്ടിൽ നിന്ന് കൂട്ടം തെറ്റി ഗ്രൗണ്ടിലേക്കിറങ്ങിയ കുട്ടിയാന ബഹളം കേട്ട ഭാഗത്തേക്കു കുതിച്ചു. ക്ളാസ് മുറികൾ കൊച്ചുതുമ്പിക്കൈ കൊണ്ട് തള്ളിത്തുറക്കാൻ നോക്കി. പിന്നെ വരാന്തയിലൂടെ കുസൃതി കാണിച്ചൊരു നടത്തം. ചെരിപ്പുകൾ തട്ടിത്തെറിപ്പിച്ചും വരാന്ത മുഴുവൻ ചെളിമയമാക്കിയുമായിരുന്നു കുസൃതി. അതിനിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാനും തള്ളിയിടാനും ശ്രമം. കാലിന് ചെറിയൊരു പരിക്കും പറ്റി. നൂറുവർഷം പഴക്കമുള്ളതാണ് വനഗ്രാമത്തിലെ ഈ സ്കൂൾ.
കുട്ടികൾ കലപിലകൂട്ടുമ്പോഴും പ്രഥമാദ്ധ്യാപിക സിജിമോൾ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ ഉള്ളിൽ തീയായിരുന്നു. കുട്ടിയാനയാണെങ്കിലും എന്തെങ്കിലും ചെയ്യുമോ? രണ്ടുപേർ ഒഴിച്ച് 115 പേരും ആദിവാസിക്കുട്ടികൾ.
ഉച്ചയ്ക്ക് 12.30ന് കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനക്കുട്ടി തൊട്ടടുത്ത പറമ്പിൽ വന്നത്. അപ്പോൾത്തന്നെ അദ്ധ്യാപകർ കുട്ടികളെ ക്ളാസ് മുറികളിലാക്കി വാതിലടച്ചു. നിമിഷനേരം കൊണ്ട് ആനക്കുട്ടി സ്കൂളിനകത്തെത്തി. ഇന്നലെ വെളുകൊല്ലി ഭാഗത്തെ ട്രഞ്ചിൽ വീണ നിലയിലാണ് കുട്ടിയാനയെ വനപാലകർ ആദ്യം കണ്ടത്. സാഹസപ്പെട്ട് കുട്ടിയാനയെ കുറിച്ചിപ്പറ്റ ഭാഗത്തെ വനത്തിലേക്ക് കയറ്റിവിട്ടു. സമാധാനത്തോടെ വനപാലകർ മടങ്ങിയെങ്കിലും ചുറ്റുമതിൽ കടന്ന് ആനക്കുട്ടി സ്കൂളിലേക്ക് എത്തുകയായിരുന്നു. പുൽപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷ് എ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി. മോഹൻകുമാർ, കെ.യു.സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. ജോജിഷ്, ടി.ആർ.പ്രബീഷ് ,ജോസ് ആന്റണി,അഖിൽ സൂര്യദാസ്,അനന്തു സി.ടി, പി.എസ്.ശ്രീജിത്ത്,അഭിലാഷ് സി.എസ്, എ.എ. രവീന്ദ്രൻ, പി.ആർ. സതീഷ്(ഡ്രൈവർ),വാച്ചർമാരായ ശിവപ്രസാദ് , സതീഷ് എന്നിവർ ചേർന്നാണ് ആനക്കുട്ടിയെ കാടുകയറ്റിയത്.