എല്ലാ സർക്കാർ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കണം
ആലപ്പുഴ: "ഈ ഓഫീസ് ഭിന്നശേഷി സൗഹൃദം" എന്ന ബോർഡ് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി.ബാബുരാജ് ഉത്തരവിട്ടു. വീൽച്ചെയറുകൾ പ്രവേശിപ്പിക്കാവുന്ന വിധം റാമ്പ്, മുകൾ നിലകളിൽ കയറിയിറങ്ങാൻ കഴിയാത്തവർക്കായി ഫ്രണ്ട് ഓഫീസ്, ആംഗ്യഭാഷ അറിയാവുന്നവരുടെ സേവനം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വീൽച്ചെയർ തുടങ്ങിയ സംവിധാനങ്ങൾ ഇതിനായി സജ്ജീകരിക്കണം.
കേന്ദ്രസർക്കാർ പദ്ധതിയായ ആക്സസബിൾ ഇന്ത്യ, സംസ്ഥാന സർക്കാർ പദ്ധതിയായ ബാരിയർ ഫ്രീ കേരള എന്നിവ പ്രകാരമാണ് ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ സജ്ജമാക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. പൊതുപ്രവർത്തകനായ ആലപ്പുഴ സ്വദേശി ചന്ദ്രദാസ് കേശവപിള്ള നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള, എം.ജി സർവകലാശാലകൾ ഭിന്നശേഷി സൗഹൃദ സംവിധാനത്തിലേക്ക് കടന്നിട്ടുണ്ട്.
പെൻഷന് കുടുംബ വരുമാനം ബാധകമാക്കേണ്ട
കുടുംബത്തിലെ മറ്റുള്ളവരുടെ വരുമാനം ഭിന്നശേഷിക്കാരുടെ ക്ഷേമപെൻഷനുള്ള വരുമാനപരിധിക്ക് ബാധകമാക്കേണ്ടതില്ലെന്ന് ഭിന്നശേഷി കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. 10 ലക്ഷത്തോളം ഭിന്നശേഷിക്കാർക്ക് ആശ്വാസം നൽകുന്നതാണിത്.