വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി
മൂന്നാർ:ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി.മദ്ധ്യപ്രദേശ് സ്വദേശി സന്ദീപ് സിംഗ് റാമിനെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.സന്ദീപിനെ കൂടാതെ നാല് അന്യസംസ്ഥാന തൊഴിലാളികളും പ്രദേശവാസിയായ തുഴച്ചിൽകാരനുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് സ്ഥിരമായി ഇവർ വള്ളത്തിലാണ് ജലാശയത്തിന് അക്കരെയുള്ള താമസസ്ഥലത്തേക്ക് പോവാറുണ്ടായിരുന്നത്.ഇന്നലെ പ്രദേശത്തുണ്ടായ കനത്ത കാറ്റിൽ വള്ളം മറിയുകയായിരുന്നു.സന്ദീപൊഴികെ ബാക്കിയുള്ളവർ വള്ളത്തിൽ പിടിച്ചു കിടന്നു.ഇവരെ പ്രദേശവാസികളെത്തി രക്ഷിച്ചു.മൂന്നാറിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തെരച്ചിൽ ആരംഭിച്ചെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല.മഴയും തണുപ്പും മൂലം സന്ധ്യയോടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.ഇന്ന് സ്‌കൂബ ഡൈവിംഗ് ടീം ഉൾപ്പടെയെത്തി തെരച്ചിൽ പുനരാരംഭിയ്ക്കും.