സംരംഭങ്ങൾക്ക് ഇനി 'ഡീംഡ് ലൈസൻസ്'
കൊച്ചി: സംരംഭം തുടങ്ങാൻ ലൈസൻസിനായി അപേക്ഷ നൽകി നിശ്ചിത ദിവസത്തിനകം അനുവദിച്ചില്ലെങ്കിൽ പകരം ഡീംഡ് ലൈസൻസ് (ലൈസൻസ് ലഭിച്ചതായുള്ള രേഖ) നൽകും. ഇന്നലെ നിലവിൽ വന്ന 1996ലെ കേരള പഞ്ചായത്തിരാജ് ചട്ട ഭേദദഗതിയിലാണിത്. അപേക്ഷ സ്വീകരിച്ച് കാറ്റഗറി അനുസരിച്ച് അഞ്ചാം ദിനവും 30-ാം ദിനവും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം ലൈസൻസ് നൽകണം. കാലതാമസമുണ്ടായാൽ പിറ്റേന്ന് ഡീംഡ് ലൈസൻസ് ലഭിക്കും.
ലൈസൻസിനായി സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും കുറച്ചു. കൈവശാവകാശ രേഖയും മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റും മതിയാകും. ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ നടത്തുന്ന സംരംഭങ്ങളെ ലൈസൻസിൽ നിന്ന് ഒഴിവാക്കി. ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചിട്ടില്ല.
സ്വയം സാക്ഷ്യപ്പെടുത്തി ലൈസൻസ് പുതുക്കാം. ലൈസൻസിന്റെ ചരുങ്ങിയ കാലാവധി ഒരുവർഷം. ഒരുമിച്ച് അഞ്ച് വർഷത്തേക്കും എടുക്കാം. പുതിയ ഉടമയിലേക്ക് ലൈസൻസ് മാറ്റാം.
ലൈസൻസും രജിസ്ട്രേഷനും നിരസിച്ചാൽ ഫീസ് തിരികെ നൽകും.
''കെട്ടിട, സിവിൽ രജിസ്ട്രേഷൻ ചട്ടങ്ങളിലും പരിഷ്കരണങ്ങൾ വരുത്തി ഉത്തരവ് ഉടൻ പുറത്തിറക്കും
-എം.ബി. രാജേഷ്
തദ്ദേശ വകുപ്പ് മന്ത്രി