മിന്നൽ വേഗത്തിൽ മോഷ്ടാക്കളെ പിടികൂടി റെയിൽവേ പൊലീസ്
തിരുവനന്തപുരം:ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷണ കേസുകളിൽ മിന്നൽ വേഗത്തിൽ മോഷ്ടാക്കളെ പിടികൂടി റെയിൽവേ പൊലീസ്.10ന് ആലുവ- മംഗലാപുരം മലബാർ എക്സ്പ്രസിലും 16ന് തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസിലുമാണ് മോഷ്ടാക്കളെ ആർ.പി.എഫ്. പിടികൂടിയത്. ആലുവയിൽ വച്ച് ട്രെയിൻ വേഗത കുറച്ച് നീങ്ങുമ്പോഴാണ് വാതിലിനരികിൽ ഫോൺ ചെയ്തുകൊണ്ടിരുന്നയാളുടെ മൊബൈൽ ഫോൺ ഒരാൾ തട്ടിപ്പറിച്ചത്.പിന്നാലെ ചാടിയ യാത്രക്കാരനെ മോഷ്ടാക്കളുടെ സംഘം മർദ്ദിക്കുകയും ഇയർഫോണുകളും പണവും ബലമായി പിടിച്ചെടുക്കുകയും ചെയ്തു.സംഭവം ആലുവ റെയിൽവേ സ്റ്റേഷനിൽ പറയുകയും ആർ.പി.എഫിന് പരാതി നൽകുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആറംഗ സംഘത്തെ ആർ.പി.എഫ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി.ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ അപഹരിക്കപ്പെട്ടപ്പോൾ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് പരാതി നൽകിയത്.എറണാകുളം ആർ.പി.എഫ്. ടീം പിറ്റേന്ന് പുലർച്ചെ മൂന്ന് മണിക്ക് മുമ്പ് തന്നെ എറണാകുളം പുല്ലേപ്പടിയിൽ നിന്ന് നാലംഗ സംഘത്തെ പിടികൂടി.