ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പിക്കടിച്ചു

Tuesday 19 August 2025 2:54 AM IST

കൊല്ലം: കൊട്ടാരക്കര ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയിൽ ജീവനക്കാരന്റെ മുഖം ബിയർകുപ്പിക്ക് അടിച്ചുപൊട്ടിച്ചു.പ്രീമിയം കൗണ്ടറിലെ ബില്ലിംഗ് സ്റ്റാഫ് കൊട്ടാരക്കര പെരുംകുളം വിളികേൾക്കുംപാറ ദിയ ഭവനിൽ ബേസിലിനാണ് (49) പരിക്കേറ്റത്.മണൽലോറി ഡ്രൈവർ വെട്ടിക്കവല സ്വദേശി രഞ്ജിത്താണ് അടിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി 8.45നാണ് സംഭവം.ഒഴിഞ്ഞുമാറുന്നതിനിടെയാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. സി.സി ടി.വി പരിശോധനയിൽ രഞ്ജിത്തിനെയും സുഹൃത്തിനെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു.സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതും,​ മുതലുകൾ നശിപ്പിച്ചതിനും ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.ബിവറേജസ് എംപ്ളോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റാണ് ബേസിൽ. ബേസിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹെൽമെറ്റിനെ ചൊല്ലി തർക്കം

രഞ്ജിത്തും സുഹൃത്തും ഹെൽമറ്റ് ധരിച്ച് പ്രീമിയം കൗണ്ടറിൽ കയറി. ജീവനക്കാർ ഹെൽമെറ്റ് മാറ്റൻ ആവശ്യപ്പെട്ടു. ഹെൽമറ്റ് മാറ്റിയെങ്കിലും പിന്നാലെ വന്നയാൾ ഹെൽമെറ്റ് ധരിച്ചിരിക്കുന്നത് കണ്ടതോടെ ജീവനക്കാരോട് ചോദിച്ചു. തുടർന്ന് രഞ്ജിത്തിനൊപ്പമുള്ളയാൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. മുഖത്തോട് ചേർത്ത് വീഡിയോ ചിത്രീകരിച്ചപ്പോൾ ബേസിൽ തട്ടിമാറ്റി.ഫോൺ താഴെ വീണതോടെ രഞ്ജിത്ത് ബിയർ കുപ്പിക്ക് ബേസിലിനെ അടിച്ചു. പുറത്തേക്കിറങ്ങാൻ തുടങ്ങിയ രഞ്ജിത്തിനെ ജീവനക്കാരും ചേർന്ന് അകത്തേക്കിട്ടു. വാതിൽ അടയ്ക്കാൻ ജീവനക്കാരി ശ്രമിച്ചതോടെ വലിച്ചുപൊളിച്ച് രഞ്ജിത്തും സുഹൃത്തും പുറത്തേക്കോടി. കൊട്ടാരക്കര പൊലീസ് രഞ്ജിത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല.