മസ്തിഷ്ക മരണ നിർണയത്തിൽ ഇടിവ്; കെ സോട്ടോ നോക്കുകുത്തി

Tuesday 19 August 2025 2:58 AM IST

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കൽ കുറഞ്ഞതോടെ അവയവങ്ങൾക്കായുള്ള പാവപ്പെട്ട രോഗികളുടെ കാത്തിരിപ്പ് നീളുന്നു. മസ്തിഷ്കമരണ നിർണയവും അവയവദാനവും ഏകോപിപ്പിക്കുന്നതിനായി കെ.എൻ.ഒ.എസ് (ഇപ്പോൾ കെ സോട്ടോ) രൂപീകരിച്ച് പതിമൂന്നര വർഷം പിന്നിടുമ്പോൾ 389 മസ്തിഷ്ക മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതിൽ 251 എണ്ണവും ആദ്യത്തെ അഞ്ചു വർഷത്തിലായിരുന്നു. തുടർന്ന് എട്ടരവർഷം പിന്നിടുമ്പോൾ ഇതുവരെ 138 എണ്ണമായി ചുരുങ്ങി.

2017ന് ശേഷം കെ സോട്ടോ പരാജയപ്പെട്ടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. ഡോ.വേണുഗോപാലിന്റെയും ഡോ.രാംദാസ് പിഷാരടിയുടെയും നേതൃത്വത്തിൽ 2012ലാണ് കെ.എൻ.ഒ.എസ് രൂപീകരിച്ചത്. 2016വരെ 251മസ്തിഷ്കമരണങ്ങൾ സ്ഥിരീകരിച്ചു.

ഇരുവരും കെ സോട്ടോയുടെ തലപ്പത്ത് നിന്ന് മാറിയതോടെ സർക്കാർ ആശുപത്രിയിലെ ‌‌ഡോക്ടർമാർ പിന്നാക്കം പോയി. മാനദണ്ഡങ്ങൾ പാലിക്കാതെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതായി കൊല്ലം സ്വദേശി ഡോ.ഗണപതി കോടതിയെ സമീപിച്ചതാണ് ഡോക്ടർമാരെ പിന്നോട്ടടിച്ചതെന്നാണ് കെ സോട്ടോയുടെ വിശദീകരണം. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഇത് ഇപ്പോഴും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഈവർഷം ഇതുവരെ സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിലാണ്.

ഒരാളിൽ നിന്ന് ഏഴു ജീവൻ

ഒരാളുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ ശരാശരി എഴുപേർക്ക് പുതുജീവൻ നൽകാനാകും. സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്കമരണ നിർണയം കാര്യക്ഷമമായാൽ അവയവങ്ങളെല്ലാം സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് നൽകാം. അനുയോജ്യരായവർ ഇല്ലെങ്കിൽ മാത്രം സ്വകാര്യ ആശുപത്രികൾക്ക് നൽകിയാൽ മതി.

മസ്തിഷ്കമരണ സ്ഥിരീകരണം

2012.........................9

2013.........................36

2014..........................58

2015.........................76

2016.........................72

2017.........................18

2018..........................8

2019.........................19

2020..........................21

2021..........................17

2022..........................14

2023..........................19

2024..........................11

2025(ഇതുവരെ)........................11