ഇനി പരസ്യപ്രതികരണം വേണ്ട, ലംഘിച്ചാൽ നടപടി; മുന്നറിയിപ്പുമായി തിരുവനന്തപുരം  മെഡിക്കൽ  കോളേജ്  പ്രിൻസിപ്പൽ

Tuesday 19 August 2025 8:22 AM IST

തിരുവനന്തപുരം: ജീവനക്കാ‌ർക്ക് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെയും നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെയും പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പരാതിയുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ഡോ.പി കെ ജബ്ബാർ മുന്നറിയിപ്പ് നൽകി.

ഡ‌ോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. മരണാനന്തര അവയവദാന പദ്ധതിയായ 'കെ സോട്ടോ'യിൽ (പഴയ മൃതസഞ്ജീവനി) ശസ്ത്രക്രിയകൾ ഒന്നും നടക്കുന്നില്ലെന്നാണ് നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുൻ യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചെഴുതിയ കുറിപ്പിലാണ് ആക്ഷേപം. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസിനെതിരെയും പരാമർശമുണ്ട്. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലും ‌നെഫ്രോളജി മേധാവിയായിരുന്ന ഡോ.രാംദാസ് പിഷാരടിയുമാണ് കെ സോട്ടാ പദ്ധതിയെ ജനകീയമാക്കിയത്. 2017ൽ ഡോ.രാംദാസിന്റെ മരണശേഷം വിരളിലെണ്ണാവുന്ന ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളു. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോലിചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലും മരണാനന്തര അവയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

വിഷയം വിവാദമായതോടെ ഡോ.മോഹൻദാസ് പോസ്റ്റ് പിൻവലിച്ചിരുന്നു. കെ സോട്ടോയെ വിമർശിച്ച ഡോ.മോഹൻദാസിന് പ്രിൻസിപ്പൽ പി.കെ.ജബ്ബാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ആഭ്യന്തര വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കിയത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു. ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ഡോക്‌ടറുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് മറ്റൊരു വകുപ്പ് മേധാവികൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.